2009-04-10

രാഷ്ട്രീയഗണിതങ്ങള്‍ക്കു വഴങ്ങാതെ മലയോരം

ഷബ്‌ന സിയാദ്‌

ഇടുക്കി: പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച്‌. സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം. ഇരുകൂട്ടരും കര്‍ഷകമനസ്സ്‌ തൊട്ടറിഞ്ഞവര്‍. 10 വര്‍ഷമായി ഇടതോരം ചേര്‍ന്നുപോയ ഇടുക്കിയുടെ മനസ്സ്‌ ഇത്തവണ മാറുമോ? മുന്നണികളുടെ മുന്‍നിരക്കാര്‍ കണക്കുകളും ന്യായങ്ങളും നിരത്തി ജയം ഉറപ്പിക്കുന്നുണ്ടെങ്കിലും പോളിങ്‌ ബൂത്തിലേക്കുള്ള ദൂരം കുറഞ്ഞുവരവെ നിഷ്‌പക്ഷ രാഷ്‌ട്രീയഗണിതങ്ങള്‍ക്കു വഴങ്ങാതെ വഴുതിമാറുകയാണു മലയോരം.
തോട്ടം-കാര്‍ഷികമേഖല ഒപ്പമുണ്ടെന്ന്‌ യു.ഡി.എഫ്‌ ഊറ്റംകൊള്ളുന്നു. എന്നാല്‍, ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ ഒരുലക്ഷത്തില്‍ താഴെയുള്ള ഭൂരിപക്ഷത്തേക്കുറിച്ച്‌ ആലോചിക്കേണ്ടതില്ലെന്ന ഉറപ്പിലാണ്‌ ഇടതുമുന്നണിയുടെ അമരക്കാര്‍. 10,62,667 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്‌. രണ്ടരലക്ഷത്തോളം വരുന്ന തമിഴ്‌ വോട്ടുകളും ഒന്നരലക്ഷത്തോളമുള്ള മുസ്‌ലിം വോട്ടുകളും സഭയുടെ വോട്ടുകളും വിധിനിര്‍ണയത്തില്‍ നിര്‍ണായകമാണ്‌. ഇരു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണു മണ്ഡലത്തില്‍ കാഴ്‌ചവയ്‌ക്കുന്നത്‌്‌. ഒരേ സമുദായാംഗങ്ങളാണു രണ്ടു സ്ഥാനാര്‍ഥികളുമെന്നതിനാല്‍ വ്യക്തികളെ പരിഗണിക്കാതെ ഇടുക്കി, കോതമംഗലം രൂപത ഇടതുവിരുദ്ധ സമീപനമായിരിക്കും കൈക്കൊള്ളുക. എന്നാല്‍, സഭയുടെ ചെറിയ വോട്ടേ ഇത്തരത്തില്‍ മറിയൂവെന്നാണ്‌ എല്‍.ഡി.എഫ്‌ കണക്കുകൂട്ടല്‍. സഭ കൈവിട്ടപ്പോള്‍ എസ്‌.എന്‍.ഡി.പി കനിഞ്ഞതിന്റെ ആശ്വാസവും അവര്‍ക്കുണ്ട്‌.
തോട്ടം-കാര്‍ഷിക മേഖലയാണ്‌ ഇടുക്കിയില്‍ വിധി നിര്‍ണയിക്കുന്നതെന്നാണ്‌ യു.ഡി.എഫ്‌ അവകാശവാദം. ഇടതുസര്‍ക്കാരിന്റെ തോട്ടം-കര്‍ഷകത്തൊഴിലാളിവിരുദ്ധ സമീപനം ഇത്തവണ ഇടുക്കിയിലെ കാറ്റ്‌ വലത്തോട്ടടിക്കാന്‍ സഹായകമാവുമെന്നാണു പി ടി തോമസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ജോയി തോമസ്‌ പറയുന്നത്‌. തോട്ടംമേഖലയിലെ സൗജന്യറേഷന്‍ നിര്‍ത്തലാക്കി, മെഡിക്കല്‍ ക്യാംപുകള്‍ ഇല്ലാതായി, യൂനിഫോം വിതരണം നിര്‍ത്തലാക്കി, കാര്‍ഷികമേഖലയോട്‌ തികഞ്ഞ അവഗണന കാട്ടി തുടങ്ങി യു.ഡി.എഫ്‌ ആവനാഴി ആയുധങ്ങളാല്‍ സമ്പന്നം. അതിനാല്‍ ഇടുക്കിയില്‍ ഇടതുവിരുദ്ധ വികാരം ഇരമ്പുമെന്നും അതുവഴി പി ടി തോമസിന്റെ വിജയം ഉറപ്പാവുമെന്നുമാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷ.
എന്നാല്‍, കഴിഞ്ഞ തവണ തോട്ടംമേഖലയില്‍ നിന്നു ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഫ്രാന്‍സിസ്‌ ജോര്‍ജിനു ലഭിക്കുമെന്നാണു വ്യക്തമാവുന്നതെന്ന്‌ എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ പ്രഫ. എം ജെ ജേക്കബ്‌ അവകാശപ്പെടുന്നു. രാഷ്ട്രീയപശ്ചാത്തലം എന്തുതന്നെയായാലും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും പ്രവര്‍ത്തനങ്ങളുമാണു പ്രധാന ഘടകമായിവരുക. ജനകീയ എം.പിയെന്ന നിലയിലുള്ള ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേട്ടങ്ങള്‍ ഇതിനു ബലംപകരാനായി അവര്‍ അക്കമിട്ടുനിരത്തുന്നു. കാര്‍ഷിക പാക്കേജ്‌, അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങള്‍ തുറന്നത്‌, ശബരി പാതയ്‌ക്കുള്ള നടപടി, സ്‌പൈസസ്‌ പാര്‍ക്ക്‌, കേന്ദ്രീയ വിദ്യാലയം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ ഉദാഹരണം.
തോട്ടംമേഖലയിലെ പ്രബല ട്രേഡ്‌ യൂനിയനുകള്‍ ഇടതുപക്ഷ സംഘടനകളുടേതാണ്‌. അതിനാല്‍ ഈ വോട്ടുകള്‍ എല്‍.ഡി.എഫ്‌ പെട്ടിയില്‍ വീഴും. തന്നെയുമല്ല മൂന്നാര്‍ ഓപറേഷനു കാരണക്കാരനായത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസാണ്‌. ഈ വികാരം മൂന്നാറിലെ വോട്ടര്‍മാര്‍ക്കുണ്ടെന്നും അത്‌ ഇടതുസ്ഥാനാര്‍ഥിക്ക്‌ അനുകൂല ഘടകമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണ നേടിയ 58,290 വോട്ട്‌ നിലനിര്‍ത്താന്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീനഗരി രാജനു കഴിയില്ലെന്നു പരക്കെ അഭിപ്രായമുണ്ട്‌. ഈ ചോരുന്ന വോട്ടുകള്‍ എവിടെ പോവുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അവസാന നിമിഷം എന്‍.സി.പി പിന്തുണയോടെ കളത്തിലിറങ്ങിയ മുന്‍ എം.എല്‍.എയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ ജോസ്‌ കുറ്റിയാനി എന്തു ചലനമുണ്ടാക്കുമെന്ന്‌ ഇനിയും പറയാറായിട്ടുമില്ല.

No comments: