
റാഫി പട്ടര്‍പാലം
കോട്ടയം: അവിശ്വസനീയം, മഹത്തരം, നയനമനോഹരം... കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം നേരില്‍ കാണാന്‍ അവസരം ലഭിച്ച ഇംഗ്ലണ്ടില്‍ നിന്നുള്ള ലിയോണി മോറിസിന്റെ വാക്കുകളാണിത്. ലോകത്തിലാദ്യമായി വെബ്‌പോര്‍ട്ടല്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കിയെന്ന് അവകാശപ്പെടുന്ന ഇംഗ്ലണ്ടില്‍ നിന്നാണെങ്കിലും ഇവിടത്തെ പ്രചാരണപരിപാടി കാണുമ്പോള്‍ അവര്‍ അദ്‌ഭുതം കൂറുന്നു. ഇംഗ്ലണ്ടിലെ കിങ്‌സ് കോളജ് ഓഫ് യൂനിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിക്കുന്നതിനു മുന്നോടിയായി 29 ദിവസത്തെ പ്രായോഗിക പരിചയം നേടാന്‍, കഴിഞ്ഞ 13നാണ് ലിയോണി കോട്ടയത്തെത്തിയത്.
തന്റെ നാട്ടിലെ കണ്‍സര്‍േവറ്റീവ് പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡമോക്രാറ്റ്‌സ് എന്നീ മൂന്നു പാര്‍ട്ടികളുടെ മല്‍സരങ്ങള്‍ക്കു മാത്രം സാക്ഷിയായ ലിയോണിയെ കേരളത്തിലെ എണ്ണമറ്റ സ്ഥാനാര്‍ഥികളുടെ നിര തെല്ലൊന്നുമല്ല അദ്‌ഭുതപ്പെടുത്തിയത്. തിരഞ്ഞെടുപ്പുരംഗത്തു പാരപണിയുന്ന അപരന്‍മാരും ലിയോണിയെ വിസ്‌മയിപ്പിച്ചു. ടി.വി സ്‌ക്രീനില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ലണ്ടനിലെ സ്ഥാനാര്‍ഥികളില്‍ നി ന്നു തികച്ചും വ്യത്യസ്‌തമായി കുഗ്രാമങ്ങളില്‍പ്പോലും വോട്ടര്‍മാരെ നേരില്‍ കാണാനുള്ള സ്ഥാനാര്‍ഥികളുടെ മനസ്സിനെ അവര്‍ അഭിനന്ദിച്ചു. വിവിധ വര്‍ണങ്ങളിലുള്ള കൊടികളും ബോര്‍ഡുകളുമായി പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശവും മറക്കാനാവാത്ത അനുഭവമാണെന്ന് അവര്‍ പറയുന്നു. ജനഹൃദയം കീഴടക്കാന്‍ തുറന്ന വാഹനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികളെ സ്വീകരിക്കാന്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ ഓടിക്കൂടുന്ന രംഗം ലിയോണിയുടെ മനസ്സില്‍ നിന്നു മായുന്നില്ല.
No comments:
Post a Comment