
അബ്ദുര്‍റഹ്‌മാന്‍ ആലൂര്‍
കാസര്‍കോഡ്: സംശുദ്ധ രാഷ്ട്രീയം കൈമുതലായ അഡ്വ. ഹമീദലി ഷംനാട് 80ാം വയസ്സിലും ആവേശപൂര്‍വം തിരഞ്ഞെടുപ്പു ഗോദയില്‍. മുസ്‌ലിം ലീഗ് സംസ്ഥാന ഖജാഞ്ചിയായ ഇദ്ദേഹത്തിനു മാതൃക സി എച്ചും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്‌മായില്‍ സാഹിബും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം സ്വീകരിച്ച് മുസ്‌ലിം ലീഗിലേക്കു കടന്നുവന്ന ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ്, കന്നഡ ഭാഷാ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനാവലി ഇന്നും തിങ്ങിക്കൂടുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ്, കാസര്‍കോഡ് നഗരസഭാ ചെയര്‍മാന്‍, ഒടേപെക് ചെയര്‍മാന്‍, പി.എസ്.സി അംഗം, രാജ്യസഭാംഗം, എം.എല്‍.എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമസഭയിലേക്ക് 1960ല്‍ സി എച്ച് കണാരനെ പരാജയപ്പെടുത്തി. ഇ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നാലരവര്‍ഷം സംസ്ഥാന നിയമസഭാംഗമായി. 1970ല്‍ രാജ്യസഭാംഗമായി. പിന്നീട് 1976ല്‍ മൂന്നുവര്‍ഷം കൂടി രാജ്യസഭാംഗമായി. കേരളത്തിലെ സി.പി.ഐ നേതൃത്വത്തിലുള്ള സപ്‌തകക്ഷി ഭരണകാലത്താണു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. സേട്ട് സാഹിബ് മുന്‍കൈയെടുത്ത് ഇരു ലീഗുകളെയും ഒന്നിപ്പിച്ച ആ ധന്യനിമിഷം ഇപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്നു. ഇ എം എസ്‌്, എം എന്‍ ഗോവിന്ദന്‍ നായര്‍, അഴിക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍, സി അച്യുതമേനോന്‍, സി എച്ച് , കെ എം സീതിസാഹിബ് തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളുമായി ഉറ്റ ബന്ധം സ്ഥാപിച്ചു. പദവിയുടെ ഉന്നത ശ്രേണികളില്‍ വിലസുമ്പോഴും സാധാരണക്കാരനായി ജീവിച്ചു ഷംനാട് ഇന്നും അണികള്‍ക്ക് ആവേശമാണ്.
കാസര്‍കോഡ് ബാര്‍ കൗണ്‍സില്‍ കാന്റീനില്‍ നിന്നു പതിവുതെറ്റാതെ ഇദ്ദേഹം കഞ്ഞികുടിക്കാനെത്തുന്നു. ഈ തിരഞ്ഞെടുപ്പില്‍ കന്നട മേഖലകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനാണ് ഷംനാടിന് നിയോഗം. ഗസ്‌റ്റ്‌ഹൗസില്‍ തേജസുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കടന്നു വന്നു. ഹസ്‌തദാനം ചെയ്‌ത ശേഷം ഇരുവരും അല്‍പ്പനേരം കുശലാന്വേഷണത്തിലായി.
No comments:
Post a Comment