സി പി കരീം
മുര്‍ശിദാബാദ്: ആരും പോവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് പശ്ചിമ ബംഗാള്‍ ജില്ലയായ മുര്‍ശിദാബാദിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഐ.എന്‍.എല്‍ ദേശീയ വര്‍ക്കിങ് സെക്രട്ടറി സമീറുല്‍ഹസന്‍.
ഇന്ത്യയിലെ ഏറ്റവും ദരിദ്രജില്ലയെന്ന് `പേരെടുത്ത' മുര്‍ശിദാബാദിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണു ജംഗിപൂര്‍. കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ജനവിധിതേടുന്നത് ഇവിടെയാണ്.
ചെമ്മണ്‍പാതകളിലൂടെ ജീപ്പില്‍ സഞ്ചരിച്ചു വോട്ട് തേടുകയാണ് ബിസിനസുകാരനായ സമീറുല്‍ഹസന്‍. കുണ്ടും കുഴിയും നിറഞ്ഞ ടാറിടാത്ത റോഡിലൂടെ ജീപ്പ് മാത്രമേ ഓടൂ. 100 ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന മുഅ്‌മിനാബാദ്, ആച്ച്‌ടാ തുടങ്ങിയ ഗ്രാമങ്ങളിലൂടെ അനൗണ്‍സ്‌മെന്റ് വാഹനം പതുക്കെ നീങ്ങുമ്പോള്‍ മണ്‍കുടിലുകളില്‍ നിന്ന് ആളുകള്‍ കൗതുകപൂര്‍വം പുറത്തേക്കിറങ്ങിനോക്കുന്നു. കവലകള്‍തോറും വാഹനം നിര്‍ത്തി ഗ്രാമീണരോട് സ്ഥാനാര്‍ഥി കുശലംപറയുന്നു; വോട്ടഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ദാരിദ്ര്യത്തെക്കുറിച്ച്, ജോലിയില്ലായ്‌മയെ കുറിച്ച്. ചെമ്മണ്‍ റോഡിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചിട്ടും മറ്റൊരു വാഹനവും കണ്ടില്ല. പലരും തങ്ങളുടെ ഒരു സ്ഥാനാര്‍ഥിയെ നേരില്‍ കാണുന്നത് ഇതാദ്യമായാണ്. പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന റോഡിലൂടെ ആരും വരാന്‍ മെനക്കെടാറില്ലെന്നതാണു യാഥാര്‍ഥ്യം.
താന്‍ വിജയിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഒരുലക്ഷത്തോളം വോട്ട് പിടിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും സ്ഥാനാര്‍ഥിക്കുണ്ട്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമാണിവിടെ. ചില പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ പിന്നാക്കാവസ്ഥയാണ് യോഗങ്ങളിലെ പ്രധാന വിഷയം. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ എം.പിമാരും മുസ്‌ലിം പ്രദേശങ്ങളോടു വിവേചനപരമായാണു പെരുമാറുന്നതെന്ന് സമീറുല്‍ഹസന്‍ പറഞ്ഞു.
താന്‍ ജയിച്ചാലും ഇല്ലെങ്കിലും ജില്ലയുടെ വികസനത്തിനുവേണ്ടി ഏതാനും പദ്ധതികളുണ്ട് അദ്ദേഹത്തിന്റെ മനസ്സില്‍. കാലിവളര്‍ത്തല്‍, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ ഏതാനും സംരംഭങ്ങള്‍ തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ തനിക്ക് 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നതായും അദ്ദേഹം പറയുന്നു.
പരമ്പരാഗത പാര്‍ട്ടികള്‍ക്ക് മുസ്‌ലിംകള്‍ വോട്ട് പതിച്ചുനല്‍കുന്ന പതിവു രീതി ഇത്തവണ മാറ്റിമറിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എ.യു.ഡി.എഫിന്റെ പൂട്ടും താക്കോലും ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന സമീറുല്‍ഹസന്‍. സി.പി.എമ്മിലെ മൃഗാംഗശേഖര്‍ ഭട്ടാചാര്യയാണു മറ്റൊരു സ്ഥാനാര്‍ഥി.
No comments:
Post a Comment