2009-05-06

മധുരയില്‍ സ്ഥാനാര്‍ഥി `ഇല്ലാത്ത' പോരാട്ടം


എം ബിജുകുമാര്‍

മധുര: കണ്ണകിയുടെയും കോവലന്റെയും കഥ വിരിഞ്ഞ പുരാതന ക്ഷേത്രനഗരം തിരഞ്ഞെടുപ്പില്‍ അപൂര്‍വമായ പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ പെരുമകൊണ്ടു തുടക്കംമുതല്‍ ശ്രദ്ധേയമായ മണ്ഡലമാണു മധുര. തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാര്‍ഥി പി മോഹനും മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയും തമ്മിലാണ്‌ ഇവിടെ പ്രധാന പോരാട്ടം. വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെയുടെ സാരഥിയായി കവിയനും രംഗത്തുണ്ട്‌.
പ്രചാരണരംഗത്ത്‌ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും സി.പി.എം സ്ഥാനാര്‍ഥി മോഹന്‍ കടുത്ത രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായി. കുടലില്‍ ദ്വാരം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിനു പിന്നീടു പ്രചാരണത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ സ്ഥാനാര്‍ഥി `ഇല്ലാത്ത' തിരഞ്ഞെടുപ്പു പോരാട്ടമാണ്‌ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും ഏറ്റെടുക്കേണ്ടിവന്നത്‌.
10 വര്‍ഷമായി ക്ഷേത്രനഗരത്തെ പ്രതിനിധാനം ചെയ്യുന്ന മോഹന്റെ അസാന്നിധ്യത്തെ തങ്ങള്‍ കൂട്ടായ പ്രചാരണത്തിലൂടെ മറികടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ അണ്ണാദുരൈ തേജസിനോടു പറഞ്ഞു. ``സ്ഥാനാര്‍ഥിയെ ജനങ്ങള്‍ മുഴുവന്‍ അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അവര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ മോഹന്‍ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല''- അദ്ദേഹം പറഞ്ഞു.
സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ആറുതവണ ജയില്‍വാസം അനുഷ്‌ഠിക്കുകയും നിരവധി പീഡനങ്ങള്‍ സഹിക്കുകയും ചെയ്‌ത സഖാവാണ്‌. വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നതായി ഓട്ടോ ഡ്രൈവര്‍ തങ്കരാജ്‌ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ അഴഗിരി ഭരണയന്ത്രത്തെ പൂര്‍ണമായി ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം ആരോപിക്കുന്നു. മധുര ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.ഐ.എ.ഡി.എം.കെയാണു ജയിച്ചത്‌. ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയായ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമാണ്‌ സി.പി.എം. മധുരക്കടുത്ത തിരുമംഗലം നിയമസഭാ മണ്ഡലം ഡി.എം.കെ ജയിച്ചത്‌ പണമൊഴുക്കിയും കൈയൂക്കു കാണിച്ചുമാണെന്നും ഇതേ തന്ത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
ജില്ലാ കലക്ടറും പോലിസ്‌ മേധാവികളും മുഖ്യമന്ത്രിപുത്രന്‌ എല്ലാ സഹായവും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത്‌ കൈയോടെ പിടിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. മധുരയില്‍ അഴഗിരി രാജ്‌ ആണു നടക്കുന്നതെന്നു സി.പി.എം ആരോപിക്കുന്നു.

No comments: