ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ 40 ഗ്രാമങ്ങള്‍ വോട്ട് ചെയ്യില്ലെന്നു തീരുമാനിച്ചു. ഇത്രയുംകാലം വോട്ട് ചെയ്‌തിട്ട് സഞ്ചാരയോഗ്യമായ റോഡോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ ലഭ്യമാക്കുന്നതിനു മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറിയ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിച്ചില്ലെന്നതാണു ഗ്രാമീണരെ ഈ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഗ്രാമീണ പഞ്ചായത്ത് കൂടിയാണ് തീരുമാനിച്ചത്. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയുടെ നേതാവ് ജിതന്‍ ജെയ്‌ന്‍ ഇവരുമായി സംസാരിച്ച് തിരഞ്ഞെടുപ്പു നിയമത്തിലുള്ള 49ാം സെക്‌ഷനെക്കുറിച്ച് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന്‌് നിയമപ്രകാരം ബൂത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്‌ത ശേഷം ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാതിരിക്കാനാണു ഗ്രാമീണരുടെ പുതിയ തീരുമാനം. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതിനുപകരം നിയമമുപയോഗിച്ച് തന്നെ പ്രതിഷേധം രേഖപ്പെടുത്താമെന്നാണു ജെയ്‌നിന്റെ അഭിപ്രായം.
40 ഗ്രാമങ്ങളിലായി ഒന്നരലക്ഷം വോട്ടര്‍മാരാണ് നാളെ പ്രതിഷേധ വോട്ട് ചെയ്യുക. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന മധ്യപ്രദേശില്‍ 1,473 പേരാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്.
ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ വാഗ്‌ദാനലംഘനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നിഷേധവോട്ട് രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നു കിഴക്കന്‍ ഡല്‍ഹിയിലെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഹരീഷ് മെഹ്‌റ പറഞ്ഞു.
No comments:
Post a Comment