കലിചരണ്‍പൂര്‍: മുമ്പ് ഇടതു പാര്‍ട്ടികള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിരുന്ന കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഇപ്പോള്‍ ബംഗാളില്‍ വിളിക്കുന്നത് പ്രതിപക്ഷത്തിരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സുമാണ്. കര്‍ഷകന്റെയും ഭൂമിയുടെയും തൊഴിലാളിയുടെയും പേരില്‍ പടര്‍ന്നു പന്തലിച്ച ഇടതുപക്ഷം ഇപ്പോള്‍ തളരുന്നതും ഇതേ വിഷയത്തിലാണെന്നാണ് ബംഗാളില്‍ നിന്നുള്ള റിപോര്‍ട്ട്. വര്‍ഷങ്ങളായി ഇടതിനൊപ്പം നിലകൊണ്ട വടക്കന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിലുടനീളം തൃണമൂലിന്റെ തുറുപ്പുചീട്ട് ഭൂമിവിവാദങ്ങളായിരുന്നു.
``കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക് ഭൂമി നല്‍കി. വര്‍ഷങ്ങളായി ഞങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്‌തു. ഇപ്പോഴവര്‍ വ്യവസായത്തിന്റെ പേരില്‍ ഞങ്ങളുടെ ഭൂമി തിരിച്ചെടുത്തു''- 1950 മുതല്‍ ഇടതിനൊപ്പം നിലകൊള്ളുന്ന ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ കൃഷിക്കാരനായ നേപ്പല്‍ ഹല്‍ദാര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മണ്ഡലത്തിലെത്താം. കര്‍ഷകര്‍ നൂറുമേനി വിളയിച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്തു. മേഖലയില്‍ വന്‍തോതില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇതെന്നും ഹല്‍ദാര്‍ പറഞ്ഞു.
വ്യവസായത്തിനു പിന്നാലെയോടുന്ന ബംഗാളില്‍ സി.പി.എം വിരുദ്ധ തരംഗം പരക്കെ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അസംബ്ലി ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെയാണ് 2004ല്‍ 35 സീറ്റ് നേടിയിരുന്ന ഇടതുപാര്‍ട്ടികള്‍ ഇപ്രാവശ്യം കടുത്ത മല്‍സരമാണ് നേരിടുന്നതെന്ന് വ്യവസായമന്ത്രി നിരുപം സെന്‍ സമ്മതിച്ചത്.
കൃഷിഭൂമി സംരക്ഷിക്കാന്‍ പൊരുതിയതിന്റെ ഫലമായി 2007ല്‍ 50ലധികം പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി. നന്തിഗ്രാമില്‍ കെമിക്കല്‍ ഹബ് പ്രൊജക്‌റ്റ് സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയ കര്‍ഷകരെ പോലിസും സി.പി.എം കേഡറുകളും ചേര്‍ന്ന് ആക്രമിക്കുകയും തുടര്‍ന്ന് നിരവധി കര്‍ഷകര്‍ മരണപ്പെടുകയും ചെയ്‌തത് പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്‌തു. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പ്രൊജക്‌റ്റിന് സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ ആഴ്‌ചകളോളം ഹൈവേ ഉപരോധം വരെ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പുഫലം എന്താവുമെന്ന് പ്രവചിക്കാന്‍ ഇത്തവണ ബുദ്ധമുട്ടാണെന്നും എങ്കിലും മിക്ക സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും മന്ത്രി നിരുപം സെന്‍ പറഞ്ഞു. വ്യവസായവല്‍ക്കരണം തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമാണെന്നു സി.പി.എം പറയുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത് സ്ഥിതി സങ്കീര്‍ണമാക്കിയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതിനു 22 സീറ്റായി കുറയുമെന്നാണ് ടെലഗ്രാഫ് പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ആശിഷ് ചക്രവര്‍ത്തി പറയുന്നത്. സി.പി.എമ്മിനു പാരമ്പര്യമായി കിട്ടിയിരുന്ന ഗ്രാമീണവോട്ടില്‍ കോട്ടംതട്ടിയത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ സാമ്പത്തിക വിദഗ്‌ധന്‍ അഭിരൂപ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് സാധാരണക്കാരില്‍ ഉണ്ടായ അതൃപ്‌തി മുതലെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പൊങ്ങിയിട്ടുള്ള മമതയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതാണ് തെളിയിക്കുന്നത്. ``വ്യവസായത്തിന് ഞങ്ങള്‍ എതിരല്ല. പാവപ്പെട്ടവന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലാണ് ഞങ്ങള്‍ക്കുള്ള എതിര്‍പ്പ്''- മമത പ്രചാരണത്തിലുടനീളം പറഞ്ഞ വാക്കുകളാണിവ.
``നന്തിഗ്രാം ഞങ്ങളുടെ മുന്നിലുണ്ട്. ഞങ്ങള്‍ക്കാവശ്യം ഒരു മാറ്റമാണ്. വൈദ്യുതിയും വെള്ളവും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല''- കലിചരണ്‍പൂരിലെ കൃഷിക്കാരനായ ബിദേശ് ഹല്‍ദാര്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ് കുറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും പകരം മൂന്നാംബദല്‍ തേടുന്ന ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാവും.
No comments:
Post a Comment