കെ എ സലിം
ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക് ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ് കുമാരി, കോട്ടയില്‍ നിന്ന് ഇജയരാജ് സിങ്, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ് എന്നിവരാണു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ് എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ് നല്‍കിയിട്ടുള്ളത്.
40 വര്‍ഷം മുമ്പ് ഹിമാചല്‍പ്രദേശിലെ ആദിത്യദേവ് കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മുന്‍കൈയെടുത്താണ്.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത് വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ് മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ് ഗജ്‌സിങ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത് അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. സിറ്റിങ് എം.പിയായ ജസ്വന്ത്‌സിങ് ബിഷ്‌ണോയിയാണ് ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ് ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ് മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക് എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ് പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ കിരണ്‍ യാദവാണ് ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ് സിങ് സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ് അറിയപ്പെടുന്നത്. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ് കോണ്‍ഗ്രസ് കോട്ടയില്‍ ഇജയരാജിന് സീറ്റ് നല്‍കുന്നത്. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ് രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ് ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത് രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്. എം.പിയായിരിക്കെ ദുഷ്യന്ത് അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ് രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ് ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ് കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ് കഠാരിയയെയാണു നേരിടുന്നത്.
No comments:
Post a Comment