മുംബൈ: ഹോട്ട് ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് മൂന്നാമത് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ചാംപ്യന്‍മാരായി. ഇന്നലെ നടന്ന കലാശപ്പോരില്‍ 22 റണ്‍സിനാണ് മഹേന്ദ്രസിങ് ധോണിയുടെ മഞ്ഞപ്പട മുംബൈയെ തുരത്തിയത്. ടോസിനു ശേഷം ആദ്യം ബാറ്റ് വീശിയ ചെന്നൈ അഞ്ചു വിക്കറ്റിന് 168 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മുംബൈക്കു ഒമ്പതിന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
48 റണ്‍സെടുത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. കിരയ്ന്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 27), അഭിഷേക് നായര്‍ (27), അമ്പാട്ടി റായുഡു എന്നിവരും പൊരുതിയെങ്കിലും വിജയിക്കാന്‍ അതുമതിയായിരുന്നില്ല.
ചെന്നൈയുടെ കന്നിക്കിരീടനേട്ടമാണിത്. പ്രഥമ ഐ.പി.എല്ലിന്റെ ഫൈനലിലെത്താന്‍ ചെന്നൈക്കു കഴിഞ്ഞിരുന്നെങ്കിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടു പരാജയപ്പെടുകയായിരുന്നു.
നേരത്തേ സുരേഷ് റെയ്‌നയുടെ (57*) മിന്നല്‍ അര്‍ധസെഞ്ച്വറിയാണ് ചെന്നൈയെ 160 കടത്തിയത്. 35 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും റെയ്‌നയുടെ ബാറ്റില്‍ നിന്നു പിറന്നു. മുരളി വിജയ് (26), എം എസ് ധോണി (22) എന്നിവരാണ് ചെന്നൈയുടെ മറ്റു സ്‌കോറര്‍മാര്‍. മൂന്നു പന്തില്‍ ആറു റണ്‍സുമായി അനിരുദ്ധ ശ്രീകാന്ത് റെയ്‌നയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.
ആദ്യ പത്തോവറില്‍ രണ്ടു വിക്കറ്റിന് 58 റണ്‍സെടുക്കാനേ ചെന്നൈക്കു കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീടുള്ള 10 ഓവറില്‍ മുംബൈ ബൗളര്‍മാരെ കശാപ്പുചെയ്ത ചെന്നൈ 110 റണ്‍സാണ് വാരിക്കൂട്ടിയത്.
പതുക്കെ തുടങ്ങിയ റെയ്‌ന പിന്നീട് കത്തിക്കയറിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മോര്‍ക്കല്‍ (ആറു പന്തില്‍ 15, ധോണി (15 പന്തില്‍ 22) എന്നിവരും ചെന്നൈയുടെ ഇന്നിങ്‌സിനു കരുത്തുപകര്‍ന്നു.
No comments:
Post a Comment