2010-04-12

സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുപ്പ് ഇന്നു തുടങ്ങും

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഒന്നാംഘട്ട കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. 70,000 ഉദ്യോഗസ്ഥരാണ് സെന്‍സസ് ജോലികള്‍ക്കായി രംഗത്തിറങ്ങുന്നത്. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കു നല്‍കിവന്ന പരിശീലനപരിപാടി അവസാനിച്ചു. ഈ മാസം അഞ്ചുമുതല്‍ പത്തുവരെയായിരുന്നു പരിശീലനപരിപാടി.

രാജ്ഭവനിലെത്തി ഗവര്‍ണറുടെ വിവരങ്ങള്‍ ശേഖരിച്ചാവും കേരളത്തിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. സംസ്ഥാന സെന്‍സസ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുടെ ചുമതലയിലാണ് കണക്കെടുപ്പു നടക്കുന്നത്.
ഇന്നു മുതല്‍ മെയ് 27 വരെയാണു വിവരശേഖരണം. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരന്‍മാര്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡും തയ്യാറാക്കുക. പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തിയുടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുള്ള അടിസ്ഥാനരേഖയായിരിക്കും.
ജനസംഖ്യാ കണക്കെടുപ്പിനെത്തുന്ന ഉദ്യോഗസ്ഥര്‍ രണ്ടു ഫോറങ്ങളുമായാവും വീടുകള്‍ സന്ദര്‍ശിക്കുക. ഒരു എന്യൂമറേറ്റര്‍ 150 വീടുകളിലെ വിവരങ്ങളാണു രേഖപ്പെടുത്തുക. കണക്കെടുപ്പിനോടൊപ്പം തൊഴില്‍, താമസസ്ഥലം, വിദ്യാഭ്യാസം- ഇങ്ങനെ ഒരാളെ സംബന്ധിച്ച പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തും. വീട്ടിലെ ജലസ്രോതസ്സ്, മലിനീകരണ നിര്‍മാര്‍ജന സൗകര്യങ്ങള്‍, ഊര്‍ജസ്രോതസ്സ്, കംപ്യൂട്ടര്‍, റേഡിയോ, ടി.വി, വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, മുറികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തും. ശേഖരിച്ച വിവരങ്ങള്‍ സപ്തംബര്‍ വരെയുള്ള നാലുമാസംകൊണ്ട് ക്രമത്തിലാക്കും. സപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ തെറ്റുകള്‍ തിരുത്തുക, വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നീ ജോലികള്‍ക്കായി ഉപയോഗിക്കും. ഫെബ്രുവരിയില്‍ ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കും. 2011 മാര്‍ച്ചോടെ കണക്കെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ അഞ്ചു കോര്‍പറേഷനുകളും 53 മുനിസിപ്പാലിറ്റികളും 63 താലൂക്കുകളും കേന്ദ്രീകരിച്ചാണ് എഴുപതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്കു പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചത്. പരിശീലനം വിജയകരമായിരുന്നുവെന്നും കൃത്യസമയത്തുതന്നെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സെന്‍സസ് ഡയറക്ടര്‍ ഗോപാലമേനോന്‍ അറിയിച്ചു.


Thejas Online - തേജസ്‌ പത്രം ദിനപത്രം കേരളം ഇന്ത്യ മലയാളം

No comments: