2010-05-03

മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു, ഒപ്പം കേരളത്തിന്റെ ചതുരംഗ പ്രതീക്ഷകളും


കോഴിക്കോട്: ഒരു കാലത്തെ ഇന്ത്യന്‍ ചെസിന്റെ പ്രതീകമായിരുന്ന പി ടി ഉമ്മര്‍കോയ സംഘാടകരംഗത്തു വീണ്ടും സജീവമാവുന്നു. ഫിഷര്‍ ചെസ് അക്കാദമിയെന്ന പരിശീലനകേന്ദ്രവുമായാണ്, നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു കേരളത്തെ വേദിയാക്കിയ മുന്‍ ഫിഡെ വൈസ് പ്രസിഡന്റിന്റെ തിരിച്ചുവരവ്.
1988ല്‍ വിശ്വനാഥ് ആനന്ദ് ഗ്രാന്റ് മാസ്റ്റര്‍ പദവി നേടുമ്പോള്‍ അത് ഇന്ത്യന്‍ ചെസ് ലോകത്തെ അദ്ഭുതസംഭവമായാണു വിശേഷിപ്പിച്ചത്. 18ാം വയസ്സില്‍ ഈ തമിഴ്‌നാട്ടുകാരന്‍ പയ്യന്‍ നേടിയ ജി.എം പദവി ഇന്ത്യന്‍ ചെസിന്റെ തന്നെ ജാതകം മാറ്റിയെഴുതി. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലും ഗ്ലാമറിന്റെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചമുണെ്ടന്ന തിരിച്ചറിവിന്റെ ദിവസങ്ങള്‍ കൂടിയായിരുന്നു അത്.


ഈ തരംഗത്തിനു നിറവും വെളിച്ചവും ശക്തിയും നല്‍കി വളര്‍ത്തിവലുതാക്കിയ ഇന്ത്യന്‍ ചെസിന്റെ നവോത്ഥാന ശില്‍പ്പികളിലൊരാളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പി ടി ഉമ്മര്‍കോയയുടെ സ്വപ്നങ്ങള്‍ എന്നും രാജാവിനെയും റാണിയെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഉമ്മര്‍കോയ സ്വതസിദ്ധമായ സംഘാടകമികവുകൊണ്ട് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെ കുതിച്ചെത്തി. ഇത് ആരുടെയും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പിന്തുണയോടെയായിരുന്നില്ല എന്നത് അതിന്റെ മാറ്റ് കൂട്ടി.
ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്ത് അന്താരാഷ്ട്ര ചെസ് മല്‍സരവേദികളില്‍ സജീവസാന്നിധ്യമായിരുന്ന പി.ടിക്കുള്ള അംഗീകാരമായിരുന്നു ഫിഡെയുടെ നിയമാവലിയിലെ കോയാസിസ്റ്റം. തുടര്‍ച്ചയായി ഇന്ത്യന്‍ ചെസ് ഫെഡറേഷനെ നയിക്കുന്നതോടൊപ്പം കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ പ്രസിഡന്റ്, ഫിഡെ യൂത്ത് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ അന്താരാഷ്ട്ര പദവികളും ഉമ്മര്‍കോയ വഹിച്ചിരുന്നു.
ദിബ്യേന്ദു ബറുവയും ശശികിരണും ഹരികൃഷ്ണയും എസ് എസ് ഗാംഗുലിയും കൊനേരു ഹംപിയും മലയാളി ജി എന്‍ ഗോപാലുമടക്കം ഇന്ന് 21 ഓളം പേര്‍ ഗ്രാന്റ് മാസ്റ്ററുകളായുണെ്ടങ്കില്‍ അതിന്റെ ഭൂരിഭാഗം ക്രെഡിറ്റും ഉമ്മര്‍കോയക്കുള്ളതാണ്. കാരണം, കോയ സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലകരുടെ ക്യാംപും അന്താരാഷ്ട്ര മല്‍സരങ്ങളും തന്നെയാണ് ഈ താരങ്ങളുടെ റേറ്റിങ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു ദേശീയ ഫെഡറേഷന്റെയും ഫിഡെയുടെയും ചുമതലകള്‍ ഒഴിയേണ്ടിവരുകയായിരുന്നു. ഉമ്മര്‍കോയയുടെ പടിയിറക്കം കേരള ചെസിനു കനത്ത തിരിച്ചടിയാണു നല്‍കിയത്. ഒരു കാലത്ത് അന്താരാഷ്ട്ര, ദേശീയ മല്‍സരങ്ങളുടെ തിരക്കിട്ട ഷെഡ്യൂളില്‍ വീര്‍പ്പുമുട്ടിയിരുന്ന കേരളത്തില്‍, ഇന്ന് എണ്ണം പറയാന്‍ ചില മല്‍സരങ്ങള്‍ മാത്രമാണു നടക്കുന്നത്. ഉമര്‍കോയയുടെ തിരിച്ചുവരവു കേരള ചതുരംഗത്തിന്റെ കൂടി പ്രതീക്ഷകളാണ് ഉണര്‍ത്തുന്നത്.
അതേസമയം, പുതിയ ചെസ് താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ഫിഷര്‍ ചെസ് അക്കാദമി ഇന്നലെ കോഴിക്കോട് മേയര്‍ എം ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് ബില്‍ഡിങിലാണ് ഫിഷര്‍ അക്കാദമിയുടെ ആസ്ഥാനം. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ യുടെ ഉദ്ഘാടനം കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ എം എം അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
കോച്ചിങ് ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9809881858 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

http://www.scribd.com/doc/30826878/PT-UMMERKOYA

No comments: