താഹിര്‍ കൊട്ടാരക്കര
കൊട്ടാരക്കര: സംസ്ഥാനത്തെ സ്‌കൂളുകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മൗസ്‌പോയിന്റുകളില്‍ എത്തിക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭ നടപടിയായി. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും യൂനിഫോം സ്‌കൂള്‍ കോഡ് നല്‍കുകവഴി ഏതു നിമിഷവും സ്‌കൂളുകളെ സംബന്ധിച്ച് വിവരങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ ശേഖരിക്കാവുന്ന രീതിയിലാണ് സംരഭം.
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് എജ്യുക്കേഷണല്‍ മാനേജ്‌മെന്റ് ട്രെയിനിങ് (എസ്.ഐ.ഇ.എം.എ.റ്റി) നേതൃത്വത്തിലാണ് സ്‌കൂളുകള്‍ക്ക് കോഡ് നല്‍കുന്ന പ്രവര്‍ത്തനങ്ങ്ള്‍ ഏകോപിപ്പിക്കുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്‌പെഷ്യല്‍ സ്‌കൂള്‍, എയ്ഡഡ് റക്കഗ്‌നൈസ്ഡ് എന്നീ സ്‌കൂളുകളുടെ മുഴുവന്‍ വിവരങ്ങളും പദ്ധതിക്കായി ശേഖരിക്കും. ഇതിനായി സംസ്ഥാനതലത്തില്‍ പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് ഫാക്കല്‍റ്റികള്‍ക്ക് എറണാകുളത്ത് വച്ചു വിദഗ്ധ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലാതലത്തിലെ പരിശീലനങ്ങള്‍ ഈ മാസം 18 മുതല്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തില്‍ നടക്കും. പഞ്ചായത്ത്് തലത്തില്‍ മുഴുവന്‍ സ്‌കൂളുകളുടെയും ടൈപ്പ് ഓഫ് മാനേജ്‌മെന്റ് ഉള്‍പ്പെടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുവാന്‍ ഡി.ഇ.ഒ മാര്‍ക്കും എ.ഇ.ഒ മാര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ജില്ലാതലങ്ങളില്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍, ജില്ലാവിദ്യാഭ്യാസ ഓഫിസര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സപ്പോര്‍ട്ടിങ് ജീവനക്കാര്‍ എന്നിവര്‍ക്ക് യൂനിഫോം സ്‌കൂള്‍ കോഡ് സംബന്ധിച്ച വിദഗ്ധ പരിശീലനം നല്‍കും.
സംസ്ഥാനത്തെ സ്‌കൂളുകളെയും ഇത്തരം കോഡ് നല്‍കി ശൃംഖലയില്‍ പെടുത്തുന്നതോടെ സ്‌കൂളുകളെ സംബന്ധിച്ച ഏതു വിവരവും നിമിഷ നേരം കൊണ്ടു വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്തു ലഭ്യമാവും. ഇതോടെ അംഗീകൃതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുവാനും സാധിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്്.
http://thejasnews.com/portal/index.jsp#1074
No comments:
Post a Comment