2009-05-07

`പീന്‍ പീന്‍' ശബ്ദം കേട്ടോ? എങ്കില്‍ ഒ.കെ;ലാലു വോട്ടുചെയ്യാന്‍ പഠിപ്പിക്കുന്നു

പട്‌ന: തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ ആര്‍.ജെ.ഡി അധ്യക്‌ഷന്‍ ലാലുപ്രസാദ്‌ യാദവ്‌്‌ തനിക്കു വോട്ടു ചെയ്യണമെന്നു ജനങ്ങളോട്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം അദ്ദേഹം ചെയ്യുന്നതു ജനങ്ങളെ വോട്ടുചെയ്യാന്‍ പഠിപ്പിക്കുകയാണ്‌. മെഷീനില്‍ എങ്ങനെ നിങ്ങളുടെ വോട്ട്‌ ശരിയായ വിധത്തില്‍ ചെയ്യാമെന്നതാണു ലാലു പ്രചാരണത്തില്‍ ഉടനീളം പറയുന്നത്‌.
``സഹോദരീ സഹോദരന്‍മാരേ, ശ്രദ്ധിച്ചുകേള്‍ക്കണം. നിങ്ങളുടെ വോട്ട്‌ എങ്ങനെ തെറ്റുകൂടാതെ ചെയ്യാമെന്നാണു ഞാന്‍ പറയാന്‍പോവുന്നത്‌. ബൂത്തില്‍ കയറിയാല്‍ വോട്ടിങ്‌ മെഷീന്‍ ശരിയായി നോക്കുക. എന്നിട്ടു റാന്തലിന്‌ (അദ്ദേഹത്തിന്റെ ചിഹ്നം) നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക. ആ സമയം മെഷീന്‍ `പീന്‍ പീന്‍' എന്നുപറയും. ഈ ശബ്ദം കേള്‍ക്കുമ്പോഴേ നിങ്ങളുടെ വോട്ട്‌ ശരിയാവൂ. എന്നിട്ടുവേണം നിങ്ങള്‍ പുറത്തുപോരാന്‍. ഞാനിതു പറയാന്‍ കാരണം നിങ്ങളുടെ വോട്ട്‌ എനിക്കു വിലപ്പെട്ടതാണ്‌'' ശേഷം പുഞ്ചിരിതൂകി സദസ്സിനെ മൊത്തമായി ഒന്നുനോക്കും. എന്നിട്ടു ലാലു വീണ്ടും ഉറക്കെപ്പറയും; `മനസ്സിലാവാത്തവരുണ്ടെങ്കില്‍ പറയണം.'
ഇത്രയുമാവുമ്പോള്‍ ജനങ്ങള്‍ തമ്മില്‍ പറയും, `പീന്‍ പീന്‍' ശബ്ദം കേട്ടാലേ ശരിയാവൂ അല്ലേ. ലാലുവിന്റെ ഈ കോമഡി കലര്‍ന്ന പ്രചാരണത്തിനെ വെല്ലാന്‍ എതിര്‍സ്ഥാനാര്‍ഥികളില്‍ ആരുംതന്നെയില്ലെന്നു ജനങ്ങള്‍ പറയുന്നു. ലാലു മല്‍സരിക്കുന്ന പാടലീപുത്രയിലും സരണ്‍ മണ്ഡലത്തിലും ജനങ്ങളുടെ വിഷയം അദ്ദേഹത്തിന്റെ ചിഹ്നത്തിനു നേരെയുള്ള ബട്ടണമര്‍ത്തുമ്പോഴുള്ള `പീന്‍ പീന്‍' ശബ്ദമാണ്‌. പാര്‍ട്ടി എം.പി രാംകിര്‍പാല്‍ യാദവും ലാലുവിനൊപ്പം പ്രചാരണത്തിലുണ്ട്‌. ഗ്രാമീണരും നിരക്ഷരരുമായ ജനങ്ങളില്‍ വോട്ടു ചെയ്യുന്നതിനുള്ള ബോധമുണ്ടാക്കുകയാണു രാംകിര്‍പാലിന്റെ ചുമതല. ജനങ്ങളെ പഠിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന ലാലുവല്ലാത്ത മറ്റൊരു നേതാവ്‌ ബിഹാറിലില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
കഴിഞ്ഞ നാലുദിവസമായി ലാലു പൊതുയോഗങ്ങളിലും റോഡ്‌ ഷോകളിലുമായി മുഴുകിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ യോഗങ്ങളിലുള്ള തിങ്ങിനിറഞ്ഞ ജനക്കൂട്ടം വിജയമുറപ്പാണെന്നതിന്റെ തെളിവാണ്‌. ലാലുവിന്റെ തമാശകലര്‍ന്ന പ്രസംഗത്തെ വെല്ലാന്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ആരുമില്ലെന്നു ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ ഒരു നേതാവ്‌ പറഞ്ഞു.
നാളെ വോട്ടെടുപ്പു നടക്കുന്ന പാടലീപുത്രയില്‍ ലാലുവിനെതിരേ ജെ.ഡി.യു രംഗത്തിറക്കുന്നതു മുന്‍ ആര്‍.ജെ.ഡി എം.പിയായ രഞ്‌ജന്‍പ്രസാദ്‌ യാദവിനെയാണ്‌.
കോണ്‍ഗ്രസ്സാവട്ടെ മുന്‍ ആര്‍.ജെ.ഡി എം.പിയായ വിജയ്‌സിങ്‌ യാദവിനെയും വച്ചാണ്‌ കളി.

No comments: