2009-05-07

പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്സിനെതിരേ

സി പി കരീം: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിനെതിരേ. ആറു മണ്ഡലങ്ങളിലാണു സഖ്യത്തിനെതിരേ ലീഗ്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്‌. അഞ്ചിടത്ത്‌ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്‌ എതിരാളികള്‍. ഒരിടത്ത്‌ കോണ്‍ഗ്രസ്സും.
ബസിര്‍ഹട്ട്‌, മാള്‍ഡ സൗത്ത്‌, ബറസാക്ത്‌, കൊല്‍ക്കത്ത സൗത്ത്‌, കൊല്‍ക്കത്ത നോര്‍ത്ത്‌, കൃഷ്‌ണനഗര്‍ എന്നിവിടങ്ങളിലാണ്‌ ലീഗ്‌ മാറ്റുരയ്‌ക്കുന്നത്‌. മാള്‍ഡ സൗത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അബ്ദുഹസീംഖാന്‍ ചൗധരിക്കെതിരേ മല്‍സരിക്കുന്നത്‌ മുഹമ്മദ്‌ ഇജാറുദ്ദീനാണ്‌. കേന്ദ്രത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെതിരേ മല്‍സരിക്കരുതെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശം തിരസ്‌കരിച്ചാണ്‌ പശ്ചിമബംഗാള്‍ ഘടകം കോണ്‍ഗ്രസ്സിനെതിരായി മല്‍സരിക്കാന്‍ തീരുമാനിച്ചത്‌.
12 ഇടങ്ങളില്‍ മല്‍സരിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ അത്‌ ആറാക്കി ചുരുക്കുകയായിരുന്നുവെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷഹിന്‍ഷാ ജഹാംഗീര്‍ പറഞ്ഞു. 24 പര്‍ഗാനാസിലെ ബസീര്‍ഹട്ട്‌ മണ്ഡലത്തില്‍ മല്‍സരിക്കുന്ന മലയാളി സലീം മക്കാറാണ്‌ കൂട്ടത്തില്‍ കരുത്തനായ സ്ഥാനാര്‍ഥി. ആലുവയില്‍ നിന്ന്‌ 1950കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളിലെത്തിയ അബൂബക്കര്‍ മക്കാര്‍ സാഹിബിന്റെ മകനാണിദ്ദേഹം. പിതാവിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണു താന്‍ നടത്തുന്നതെന്നു കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന സലീം പറയുന്നു. 1971ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു മല്‍സരിച്ച പിതാവ്‌ ഏതാനും വോട്ടുകള്‍ക്കു തോറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്‌. നിയമ വിദ്യാര്‍ഥിയായിരിക്കെ കാര്യമായ പ്രചാരണം നടത്താന്‍ സാധിച്ചില്ലെങ്കിലും ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 40 ശതമാനം നേടാന്‍ മക്കാര്‍ സാഹിബിന്‌ സാധിച്ചിരുന്നതായി മകന്‍ ഓര്‍ക്കുന്നു.
ബംഗാളി, ഇംഗ്ലീഷ്‌, ഉര്‍ദു, മലയാളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന സലീം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രാവിലെ മുതല്‍ വൈകുന്നേരം വരെ മണ്ഡലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ്‌. ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ്‌ മണ്ഡലത്തിലെ മുസ്‌്‌ലിം വോട്ടര്‍മാരെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
വീടുകള്‍ കയറിയുള്ള പ്രചാരണത്തിലൂടെ സ്‌ത്രീ വോട്ടുകള്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ സാധിച്ചതായും അദ്ദേഹം കരുതുന്നു.
സി.പി.ഐയിലെ അജയ്‌ കുമാര്‍ ചക്രബര്‍ത്തി, എ.യു.ഡി.എഫ്‌ ചിഹ്നത്തില്‍ മല്‍സരിക്കുന്ന പി.ഡി.സി.ഐ നേതാവ്‌ സിദ്ദീഖുല്ലാ ചൗധരി എന്നിവരാണ്‌ സലീമിന്റെ പ്രധാന എതിരാളികള്‍.
മുസ്‌ലിം ലീഗിനെ കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാത്ത പുതുതലമുറയ്‌ക്ക്‌ സംഘടനയെ പരിചയപ്പെടുത്താനായി എന്നതാണ്‌ ഏറ്റവും വലിയ നേട്ടമായി താന്‍ കാണുന്നതെന്ന്‌ കോണി അടയാളത്തില്‍ ജനവിധി തേടുന്ന സലീം മക്കാര്‍ പറഞ്ഞു.
തന്റെ പിതാവ്‌ ചെയ്‌ത സേവനപ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്‌മരിക്കുന്ന ബസിര്‍ഹട്ടുകാരുടെ സ്‌നേഹവായ്‌പാണു തന്നെ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ലെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിന്‌ ആവുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ. 13നാണു മണ്ഡലത്തിലെ വോട്ടെടുപ്പ്‌.

No comments: