എം ബിജുകുമാര്‍
മധുര: തമിഴകത്ത് പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നതോടെ നഗരങ്ങളില്‍ മുഖ്യവിഷയം ശ്രീലങ്കതന്നെ. എന്നാല്‍ ഗ്രാമങ്ങളില്‍ പണമൊഴുക്കി മടിശ്ശീലയ്‌ക്കു കനമുള്ളവര്‍ വോട്ട് വാങ്ങുന്നു.
തമിഴ്‌വംശജരെ കൂട്ടക്കൊലചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയെന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡി.എം.കെ സഖ്യം വിയര്‍ക്കുകയാണ്. നഗരങ്ങളില്‍ മാത്രമാണ് അവസാനഘട്ടത്തിലും അല്‍പം ആശ്വാസം. ആറുതവണ ശിവഗംഗയെ പ്രതിനിധീകരിച്ച കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ള നേതാക്കള്‍ക്ക് ശ്രീലങ്ക തലവേദനയായിട്ടുണ്ട്. മുത്തുകുമാര്‍ അഡ്രേസിങ് മൂവ്‌മെന്റ് എന്നപേരില്‍ സാമൂഹികപ്രവര്‍ത്തകര്‍ നിരന്ന ശ്രീലങ്കന്‍ തമിഴ് അനുകൂല പ്രസ്ഥാനം കോണ്‍ഗ്രസ് മല്‍സരിക്കുന്ന 16 മണ്ഡലങ്ങളിലും ശക്തമായ കാംപയിന്‍ നടത്തുന്നു.
ശ്രീലങ്കയിലെ തമിഴരുടെ ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളെ ഇല്ലാതാക്കേണ്ടത് ഇന്ത്യയിലെ മൂലധന കുത്തകകളുടെ താല്‍പര്യമാണെന്നും അതിനാലാണ് കോണ്‍ഗ്രസ് ശ്രീലങ്കന്‍ സര്‍ക്കാരിനു സഹായം നല്‍ക്കുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച് സെന്റര്‍ ഫോര്‍ പ്രൊട്ടക്‌ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് തുടങ്ങിയ സംഘടനകളും കാംപയിന്‍ നടത്തുന്നു. ശ്രീലങ്കയിലെ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ 23 ശതമാനവും എണ്ണവ്യാപാരത്തിന്റെ 50 ശതമാനവും സ്വകാര്യ വാര്‍ത്താവിതരണ ശൃംഖല പൂര്‍ണമായും തേയില എസ്റ്റേറ്റുകളുടെ 50 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ കുത്തകകളാണ്. ഇവര്‍ക്ക് ശ്രീലങ്കന്‍ കമ്പോളം നിലനിര്‍ത്താന്‍ അവിടെ സര്‍ക്കാരിനെ സ്വസ്ഥമായി നിലനിര്‍ത്തേണ്ടതുണ്ടെന്നാണ് ഇവരുടെ പ്രചാരണം.
ഇടതുപാര്‍ട്ടികളും എ.ഐ.എ.ഡി.എം.കെയും ഈ പ്രചാരണം ശക്തമായി ഉന്നയിക്കുന്നു. തമിഴ് ഈഴത്തിന് അനുകൂലമായ ജയലളിതയുടെ പ്രഖ്യാപനങ്ങളും ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴരെ സഹായിക്കാനുള്ള ജയലളിതയുടെ നിധിയും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്‍തുണ വര്‍ധിപ്പിച്ചിട്ടുണ്ട്. അവസാനഘട്ടത്തില്‍ കരുണാനിധിയുടെ നിരാഹാര സമരമടക്കമുള്ള ശ്രമങ്ങള്‍ ഡി.എം.കെ ക്യാംപില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, കരുണാനിധിയുടെ നീക്കങ്ങള്‍ നാടകമാണെന്ന വ്യാപകമായ പ്രചാരണമാണ് മറുക്യാംപ് അഴിച്ചുവിടുന്നത്.
ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ പ്രശ്‌നം വലിയതോതില്‍ ഏശാത്തതാണ് ഡി.എം.കെ സഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്. ഇവിടെ ഒരുരൂപയുടെ അരിയും ടെലിവിഷനും നന്നായി ഗുണംചെയ്യുമെന്ന് ഡി.എം.കെ കരുതുന്നു. ഇവിടെ പ്രതിപക്ഷ പ്രചാരണത്തില്‍ കുടിവെള്ളവും പവര്‍കട്ടും അവസാനഘട്ടത്തിലും കത്തിനില്‍ക്കുന്നു.
ഇരുപക്ഷത്തിന്റെ പൊതുയോഗങ്ങളിലും വന്‍ ജനക്കൂട്ടം എത്തുന്നതിനാല്‍ തമിഴകമനസ്സ് എങ്ങനെ ചിന്തിക്കുന്നു എന്നു ഗണിക്കാന്‍പറ്റാത്ത സാഹചര്യമാണ്. കഴിഞ്ഞതവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജയലളിതയുടെ പൊതുയോഗങ്ങളെപ്പോലും ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ അവരുടെ പരാജയം ഉറപ്പിച്ചിരുന്നു.
No comments:
Post a Comment