2009-04-06

തുളുനാട്ടില്‍ ആത്മവിശ്വാസം നിറച്ച്‌ യെച്ചൂരിയുടെ പര്യടനം


നാരായണന്‍ കരിച്ചേരി

കാസര്‍കോഡ്‌: പത്തോളം ഭാഷകളും വിവിധ സംസ്‌കാരങ്ങളും സംഗമിക്കുന്ന തുളുനാട്ടിലേക്കു കഴിഞ്ഞദിവസം സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെത്തിയതു മംഗലാപുരത്തു നിന്ന്‌. കേരളം കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരത്തെത്തിയപ്പോള്‍ സി.പി.എം നേതാവ്‌ എം രാജഗോപാലന്‍ പറഞ്ഞു: ഇനി കേരളം. മഞ്ചേശ്വരം മണ്ഡലം സി.പി.എം പിടിച്ചെടുത്ത സംഭവം അദ്ദേഹം യെച്ചൂരിയോട്‌ അഭിമാനത്തോടെ പറഞ്ഞു.
കുമ്പള പിന്നിട്ടപ്പോള്‍ കാസര്‍കോട്ടെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി പി കരുണാകരന്‍ എം.പിയുടെ ഫോണ്‍വിളി. തിരഞ്ഞെടുപ്പുപര്യടനത്തിന്റെ തിരക്കിലായതിനാല്‍ കാസര്‍കോട്ടെ പരിപാടിയില്‍ സംബന്ധിക്കാനാവില്ലെന്ന്‌ അറിയിക്കാനായിരുന്നു അത്‌.
ഇവിടെ ടൗണിനു വെളിയിലായി തയ്യാറാക്കിയ പന്തലിനകത്തു ചൂട്‌ സഹിക്കാനാവാതെ ജനക്കൂട്ടം. വിയര്‍ത്തൊലിച്ച അവര്‍ യെച്ചൂരിയുടെ വരവും കാത്തുനില്‍ക്കുകയായിരുന്നു. വേദിയില്‍ ഐ.എന്‍.എല്‍ നേതാവ്‌ പി എം എ സലാം എം.എല്‍.എ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ വെള്ള അംബാസിഡര്‍ കാറില്‍ നിന്നു സൗമ്യമായ പൂഞ്ചിരിയോടെ പുറത്തിറങ്ങിയ യെച്ചൂരി, സി.പി.എം നേതാവ്‌ എം രാജഗോപാലനോടൊപ്പം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടെ വേദിയിലേക്ക്‌. ജില്ലാ സെക്രട്ടറി കെ പി സതീശ്‌ചന്ദ്രന്‍ പൂമാലയിട്ടു സ്വീകരിച്ചു.
കോണ്‍ഗ്രസ്‌ എസ്‌ പ്രസിഡന്റ്‌ കടന്നപ്പള്ളി രാമചന്ദ്രന്റെ ഹ്രസ്വഭാഷണത്തിനു ശേഷം യെച്ചൂരി പ്രസംഗം തുടങ്ങി: ?`എന്റെ കാസര്‍കോട്ടെ സഹോദരീ സഹോദരന്മാരെ, എല്ലാവര്‍ക്കും അഭിവാദ്യം. എനിക്കു മലയാളത്തില്‍ പ്രസംഗിക്കാനറിയില്ല. എന്റെ മാതൃഭാഷ തെലുങ്കാണ്‌. അതിനാല്‍ ഇനി ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാം' എന്നു മലയാളത്തില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ്സിന്റെ കൂട്ട കൈയടി. മൂന്നാംമുന്നണിയുടെ ആവശ്യകത, ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തേണ്ടതിന്റെ കാരണം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്‌. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ഇനി തനിച്ചു ഭരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം ഇടതു പക്ഷം നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയായിരിക്കും ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ യെച്ചൂരി പറഞ്ഞപ്പോള്‍ സദസ്സില്‍ ആവേശം. ലോകത്ത്‌ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിലെത്തിയ കേരളം ഇത്തവണ മുഴുവന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്നു പറഞ്ഞായിരുന്നു സി.പി.എം നേതാവ്‌ തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌. തുടര്‍ന്ന്‌, പയ്യന്നൂരിലെ തിരഞ്ഞെടുപ്പു പൊതുയോഗത്തിലേക്കു നേതാക്കള്‍ക്കൊപ്പം യാത്ര.

No comments: