2009-04-06

ചുവന്ന മണ്ണിലൂടെ വാക്കുകള്‍ ചാട്ടുളിയാക്കി വയലാര്‍ രവി


ടോമി മാത്യു
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ രക്തംവീണു ചുവന്ന മണ്ണില്‍ സി.പി.എമ്മിന്റെ നെഞ്ചിലേക്കു ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന വാക്കുകളുമായാണു കേന്ദ്രമന്ത്രി വയലാര്‍ രവി ഇന്നലെ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തിയത്‌. ആലപ്പുഴയുടെ വടക്കേ അറ്റമായ അരൂക്കുറ്റിയില്‍ നിന്നും രാവിലെ 9നു വയലാര്‍ രവിയുടെ പര്യടനം ആരംഭിക്കുമെന്നാണറിയിച്ചിരുന്നത്‌. 8.55നു തന്നെ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നിന്നു വയലാര്‍ രവി സ്ഥലത്തെത്തിയെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്വീകരണസ്ഥലത്ത്‌ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്നു പെരുമ്പളം ദ്വീപിലെ വോട്ടര്‍മാരെ കാണാന്‍ മന്ത്രി അങ്ങോട്ടേക്കു പോയി.
അരൂക്കുറ്റിയെ മയക്കത്തില്‍ നിന്നുണര്‍ത്താന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയസമിതിയംഗം അനില്‍ ബോസിനെ ചുമതലപ്പെടുത്തി. തലേദിവസം എ കെ ആന്റണി?ക്കൊപ്പം സ്വീകരണവേദികളില്‍ പ്രസംഗിച്ചുതളര്‍ന്ന അനില്‍ ക്ഷീണം വകവയ്‌ക്കാതെ കത്തിക്കയറിയതോടെ ഒഴിഞ്ഞ കസേരകള്‍ നിറഞ്ഞു. പ്രസംഗം ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വയലാര്‍ രവിയുടെ വരവറിയിച്ചുകൊണ്ട്‌ അനൗണ്‍സ്‌മെന്റ്‌ വാഹനമെത്തി. പിന്നാലെ കെ.പി.സി.സി സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഹാജി, ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ ടി ജി പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കൊപ്പം വയലാര്‍ രവിയും. രാജ്യത്തിന്റെ ഭദ്രതയ്‌ക്കു മന്‍മോഹന്‍സിങിന്റെ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന അഭ്യര്‍ഥനയോടെ രവി പ്രസംഗം ആരംഭിച്ചു.
തുടര്‍ന്ന്‌, എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിച്ചു. മൂന്നുവര്‍ഷത്തെ വി എസ്‌ സര്‍ക്കാരിന്റെ റിപോര്‍ട്ടില്‍ പറയാനുള്ളതു ക്വട്ടേഷന്‍ സംഘം വര്‍ധിച്ചതിന്റെയും അഴിമതിയുടെയും പോലിസ്‌ സ്റ്റേഷന്‍ ആക്രമണങ്ങളുടെയും കഥ മാത്രമായിരിക്കും. എന്നാല്‍, മന്‍മോഹന്‍സിങിന്റെ സര്‍ക്കാര്‍നേട്ടങ്ങളുടെ പട്ടിക നിരത്തിയാണു ജനങ്ങളോടു വോട്ട്‌ ചോദിക്കുന്നത്‌. പ്രകടനപ്പത്രികയിലെ വാഗ്‌ദാനമായിരുന്ന തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയെന്നു പറഞ്ഞ വയലാര്‍ രവി കൂട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനിട്ടു കൊട്ടുകൊടുക്കാനും മറന്നില്ല. 100 ദിവസത്തിനു പകരം 55 ദിവസം മാത്രം തൊഴില്‍ കൊടുത്തിട്ടു ബാക്കിദിവസത്തെ രൂപ സംസ്ഥാന സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസിനെപ്പോലെ അടിച്ചുമാറ്റിയെന്നും ആക്ഷേപിച്ചുകൊണ്ടു പ്രസംഗം അവസാനിപ്പിച്ചു.
തുടര്‍ന്ന്‌, അടുത്ത വേദിയായ പൂച്ചാക്കലിലേക്കു തിരിച്ചു. ഇവിടെ നിന്നു തൈക്കാട്ടുശേരി പി.എസ്‌ കവലയിലേക്ക്‌. ഇവിടെ കെ സി വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു തുടക്കം. പതിനഞ്ചു മിനിറ്റ്‌കൊണ്ടു പ്രസംഗം അവസാനിപ്പിച്ചു വേദിവിട്ടിറങ്ങി. പ്രവര്‍ത്തകരോടു കുശലാന്വേഷണം നടത്തവേ കാലിനു സ്വാധീനമില്ലാത്ത പ്രദേശവാസിയായ പുതുവല്‍ നികര്‍ത്തില്‍ തോമസ്‌ ചികില്‍സാ സഹായം അഭ്യര്‍ഥിച്ചെത്തി. വിവരം ചോദിച്ചറിഞ്ഞ രവി തനിക്കാവുന്ന സഹായം ചെയ്‌തുതരാമെന്നു പറഞ്ഞ്‌, അതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തിയതിനു ശേഷമാണ്‌ അടുത്ത സ്വീകരണവേദിയിലേക്കു യാത്രയായത്‌. പള്ളിച്ചന്ത, മുഹമ്മ എന്നിവിടങ്ങളിലെ പ്രസംഗത്തിനു ശേഷം മണ്ണഞ്ചേരിയിലെ വേദിയില്‍ വയലാര്‍ രവിയെത്തുമ്പോള്‍ സമയം 1.15. മാലപ്പടക്കത്തിന്റെ അകമ്പടിയോടെ സ്വീകരണം. പ്രദേശത്തിന്റെ മര്‍മമറിഞ്ഞു വാക്കുകള്‍ അളന്നുതൂക്കിയ പ്രസംഗം.
അര്‍ക്കാഡിയിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം അബ്ദുല്ലക്കുട്ടിക്കൊപ്പം നാലുമണിയോടെ അടുത്ത പ്രസംഗവേദിയായ പുലയന്‍വഴി ജങ്‌ഷനിലെത്തി. തുടര്‍ന്ന്‌, അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം. മന്‍മോഹന്‍സിങ്‌ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ട ആവശ്യകതയും മതന്യൂനപക്ഷങ്ങളിന്മേലുള്ള പീഡനങ്ങളും നിരത്തിയ വയലാര്‍ രവി ഒരുമണിക്കൂറിനു ശേഷം പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ ഇന്നലത്തെ അവസാനത്തെ പ്രസംഗവേദിയിലേക്കു തിരിക്കുമ്പോള്‍ പടിഞ്ഞാറു കടലിലേക്കു സൂര്യന്‍ താഴ്‌ന്നുതുടങ്ങിയിരുന്നു.

No comments: