2013-02-01

വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?



കിഷന്‍ജി

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?



വീക്ഷണം പത്രത്തിന്റെ വാര്‍ത്തകള്‍ തന്നെയാണ്  വര്‍ത്തമാനത്തില്‍ നിറഞ്ഞുവരുന്നത്. സാധാരണഗതിക്ക് ഇങ്ങനെ വരാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. വീക്ഷണം പത്രം മുജാഹിദ് പത്രമായ വര്‍ത്തമാനത്തെ ഏറ്റെടുക്കണം. അല്ലെങ്കില്‍ ഉള്ളടക്കം കൈമാറുന്നതില്‍ രണ്ടു കമ്പനികളും പരസ്യമായ കരാറില്‍ ഏര്‍പ്പെടണം. ഇതു രണ്ടും നടന്നിട്ടുണ്ടോ എന്നറിയില്ല? ഒരേ പേജുകള്‍ വീക്ഷണത്തിലും വര്‍ത്തമാനത്തിലും വരുന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അറിവോടു കൂടിയാണോ എന്നതാണ് ചോദ്യം? അങ്ങനെയാണെങ്കില്‍ നല്ല കാര്യം. ചെലവ് ചുരുക്കുന്നതിനുള്ള പുതിയ പത്രപ്രവര്‍ത്തന മാതൃക എന്നു നമുക്കതിന് വിശേഷിപ്പിക്കാം.

പക്ഷേ, സംഗതി അതൊന്നുമല്ല. തൊഴില്‍ പ്രശ്‌നമൂലം ജീവനക്കാര്‍ ഇടംതിരിഞ്ഞുനിന്നപ്പോള്‍ മണിയടി വീരനായ ഒരു വിരുതന്‍ കണ്ടെത്തിയ സൂത്രപ്പണിയാണിത്. നേരത്തെ വീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ അവിടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനുശേഷമാണ് വര്‍ത്തമാനത്തിലേക്ക് കുടിയേറിയത്. പുതിയ താവളത്തിലും പഴയ ചുമതലയാണെങ്കിലും അതൊഴികെയുള്ള എല്ലാ 'കുത്തിതിരിപ്പ്' ജോലികളും ഇയാള്‍ ഭംഗിയായി ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജോലിക്ക് ജീവനക്കാര്‍ ഹാജരാകില്ലെന്ന് ഉറപ്പായതോടെ വീക്ഷണത്തിലെ പേജുകളെടുത്ത് അതിനുമുകളിലുള്ള പേര് മാത്രം മാറ്റി പേജുകള്‍ പുറത്തിറക്കാനുള്ള തൊലിക്കട്ടി കാട്ടിയ മാന്യന്മാരെ തുറന്നു കാണിക്കേണ്ടതുണ്ട്. വീക്ഷണത്തിന്റെ അതേ ഫോണ്ടില്‍ പേജുകള്‍ കണ്ടതോടെ സംഗതി പുറത്തായി. ഇപ്പോള്‍ പേജുകള്‍ മുഴുവനായും എടുക്കാതെ വാര്‍ത്തകളെടുത്ത് ഫോണ്ട് മാറ്റി നല്‍കാനുള്ള സാമാന്യബുദ്ധി കാണിക്കുന്നുണ്ട്. ഈ എളുപ്പപണി പുതിയ മാനേജ്‌മെന്റിനെ 'ക്ഷ' സന്തോഷിപ്പിക്കുകയും ചെയ്തു.

ഈ കൂട്ടികൊടുപ്പിനെ വീക്ഷണത്തിന്റെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുണ്ടോ? അതോ ഒന്നോ രണ്ടോ യൂനിറ്റിലെ ചിലര്‍ മാത്രം അറിഞ്ഞുള്ള കള്ളകളിയാണോ ഇത്. ഈ നെറികേട് കാണിക്കുന്ന വര്‍ത്തമാനം പത്രത്തിനെതിരേ കേരളപത്രപ്രവര്‍ത്തക യൂനിയനും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും എന്ത് നടപടിയാണെടുക്കുന്നത്? തന്ത തള്ളികളഞ്ഞ ഒരു പത്രത്തിന്റെ നെറികേടായി ഇതിനെ തള്ളികളയരുത്. മാനേജ്‌മെന്റിനെതിരേ അസ്വസ്ഥത പുകയുന്ന മാതൃഭൂമിയില്‍ ഈ വാര്‍ത്ത ഒരു ഷോക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ മരുന്ന് തന്നെ പല കമ്പനികളും പല പേരിലിറക്കും. അതുപോലെ ഒരു പത്രം തന്നെ പല പേരിലുകളിലാക്കി ഇറക്കി ആളെ പറ്റിയ്ക്കുന്ന കാലമാണ് വര്‍ത്തമാനം സ്വപ്‌നം കാണുന്നത്. ന്തായാലും സംഗതി ഓണ്‍ലൈന്‍ ലോകത്തെ ചൂടന്‍ വിഷയമായി കഴിഞ്ഞു.

വണ്‍ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം

No comments: