2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.




പത്രത്തെയും സംഘടനാപ്രവര്‍ത്തനത്തെയും വേറിട്ടു കൊണ്ടുപോകുന്നതില്‍ വന്ന വീഴ്ചയാണ് തേജസ്സിന്റെ ഒരേ ഒരു പരാജയം. അധ്യാപകന്റെ കൈവെട്ടുകേസില്‍ ഈ വേര്‍തിരിവില്ലായ്മയുടെ തിക്തഫലം അനുഭവിച്ചറിയുകയും ചെയ്തു. സംഘടനാപ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്തവര്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുമ്പോള്‍ 'പാര്‍ട്ടി ക്ലാസില്‍' നിന്നും ആളെ കയറ്റാന്‍ തുടങ്ങിയതോടെ എല്ലാവരും സംഘടനയ്ക്കുവേണ്ടി മത്സരിച്ചെഴുതാന്‍ തുടങ്ങി. ഇപ്പോള്‍ മൊത്തം ജീവനക്കാരെ പരിഗണിക്കുകയാണെങ്കില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പുറത്തുനിന്നുള്ളവര്‍. സംഘടനക്കാരായതുകൊണ്ട് ഇവര്‍ കഴിവില്ലാത്തവരാണെന്ന് ആരും പറയുന്നില്ല. പക്ഷേ, ആശയപരമായ യോജിപ്പുള്ളതുകൊണ്ടാണല്ലോ സംഘടന എന്ന കുടക്കീഴില്‍ പലരും അണിനിരക്കുന്നത്. അതുകൊണ്ട് അവരുടെ അഭിരുചികളും ശരികളും വാര്‍ത്തകളുടെ തിരഞ്ഞെടുപ്പും ഒരു പരിധിവരെ ഒരേ പോലെയായിരിക്കും. തങ്ങളുടെ ശരികളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരിക്കും നടക്കുക. ഇവിടെയാണ് മാധ്യമം വേറിട്ട് നില്‍ക്കുന്നത്. അവര്‍ പറയാനുള്ള കാര്യങ്ങള്‍ വാര്‍ത്തയ്ക്ക് ഉള്ളിലൂടെയാണ് പറയുന്നത്. വാര്‍ത്തയായി പറയുന്നത് വളരെ അപൂര്‍വമാണ്.

അബ്ദുള്ളമാരും റഹ്മത്തുള്ളമാരും സംഘടനയ്ക്കുവേണ്ടിയെന്ന വ്യാജേന മുന്നിലും പിന്നിലും എട്ടുകോളം നിരത്തുന്നത് പൊതുവായനക്കാരില്‍ പത്രത്തെ കുറിച്ചുള്ള ബിംബം മാറ്റുന്നത് തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചില്ല. ചിലര്‍ അറിഞ്ഞെങ്കിലും അറിഞ്ഞ മട്ട് കാണിയ്ക്കാന്‍ തയ്യാറായതുമില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ചിലര്‍ അതിന് എരിവും പുളിയും നല്‍കി. പണമൊഴുക്കി കേരളത്തിനകത്തും ഗള്‍ഫിലും എഡിഷനുകള്‍ മാറി മാറി തുറക്കുമ്പോഴും അവര്‍ക്ക് പൊതുസ്വീകാര്യതയുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ മാധ്യമമാകാന്‍ തേജസ്സിനു സാധിക്കില്ല. കാരണം അത് ചന്ദ്രികയാക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്.

എപി സുന്നി വിഭാഗത്തിന്റെ ജിഹ്വയാണ് സിറാജ്. സംഘടനപരമായ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വേദിയാണത്. തേജസ്സിന് ഇപ്പോഴും സമയം വൈകിയിട്ടില്ല. പത്രത്തെ വാണിജ്യപരമായി കാണണോ അതോ സംഘടനാപരമായി കാണണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമായിട്ടുണ്ട്. കാത്തിരുന്നു കാണാമെന്ന നയമാണെങ്കില്‍ അത് സംഘടനയുടെ നോട്ടീസാകാന്‍ അധികകാലം വേണ്ടി വരില്ല. പക്ഷേ, ലെവി നല്‍കുന്ന അണികളുള്ളിടത്തോളം കാലം സംഗതി ജോറായി മുന്നോട്ടുപോവുക തന്നെ ചെയ്യും.

No comments: