ഇഫ്തിഖാര്‍ ഗിലാനി
അവര്‍ വന്നു, കണ്ടു, പോയി. മുസ്‌ലിംലോകവുമായി സഹകരണം സ്ഥാപിക്കാന്‍ യു.എസ് പ്രസിഡന്റ് ഒബാമ നിയോഗിച്ച അലംകൃതയായ പ്രതിനിധി ഫാറാ പണ്ഡിറ്റ് മൂന്നുദിവസം ഡല്‍ഹിയില്‍ കഴിഞ്ഞപ്പോള്‍ ബാക്കിവന്നതു നഷ്ടപ്രതീക്ഷകളും സ്വപ്നങ്ങളും. തിരഞ്ഞെടുക്കപ്പെട്ട പത്രപ്രതിനിധികളും ബുദ്ധിജീവികളുമായി സംസാരിച്ചപ്പോള്‍ പോലും അവര്‍ ഫലസ്തീന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ പ്രശ്‌നങ്ങളെപ്പറ്റി ധിക്കാരത്തോടെയും നയമില്ലാതെയുമാണ് അഭിപ്രായം പറഞ്ഞത്. അവരുടെ അസിസ്റ്റന്റായ യു.എസ് എംബസിയിലെ ഉസ്‌റാ സിയായാണ് കുറേക്കൂടി നയപരമായി പെരുമാറിയത്. പണ്ഡിറ്റിന്റെ ഉള്ളുണര്‍ത്താത്ത വ്യക്തിത്വത്തിന്റെ പോരായ്മകള്‍ നികത്താന്‍ അവര്‍ ശ്രമിച്ചിരുന്നു.
പണ്ഡിറ്റിന്റെ ആവേശത്തിലെ പൊള്ളത്തരത്തിനു തുളവീണത് ഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററിലെ പൊതുപരിപാടിയില്‍ വച്ചാണ്. ഒട്ടും കഴമ്പില്ലാത്തതായിരുന്നു അവരുടെ പ്രസംഗം. ചാനല്‍ കാമറകളും ഫോട്ടോഗ്രാഫര്‍മാരും പ്രശസ്തരുടെ സാമീപ്യം കൊതിക്കുന്നവരുമടങ്ങിയ സദസ്സ് ഒബാമയുടെ പ്രതിനിധി ഒരു നവലോകത്തെക്കുറിച്ചു പ്രതീക്ഷകള്‍ വല്ലതും നല്‍കുമെന്നു കരുതിയാണു സമ്മേളിച്ചത്. ആപ്പിള്‍ത്തോട്ടങ്ങള്‍ നിറഞ്ഞ കശ്മീരിലെ സോപൂരുമായി ബന്ധമുള്ള പണ്ഡിറ്റിന്റെ ബന്ധുക്കളുമായി തങ്ങള്‍ക്കുള്ള ബന്ധം തെളിയിക്കാനെത്തിയ നാട്യക്കാരും ഏറെയുണ്ടായിരുന്നു. ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ അംഗമായ ഡോ. അസ്‌റാര്‍ സുല്‍ത്താന്‍പുരി ഫാറയ്ക്ക് ഒരു പൂച്ചെണ്ട് നല്‍കാന്‍ അവസരമൊരുക്കണമെന്ന് ആതിഥേയനായ സിറാജ് ഖുറേശിയോട് കേണപേക്ഷിക്കുന്നതു കണ്ടു. പൂച്ചെണ്ടുമായി വന്നവര്‍ നൂറുകണക്കിനു വേറെയുമുണ്ടായിരുന്നു. അവസാനം പൂച്ചെണ്ട് കൊടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതിന്റെ ഫോട്ടോയെടുക്കാന്‍ സുല്‍ത്താന്‍പുരി ഫോട്ടോഗ്രാഫര്‍മാരോട് കെഞ്ചുന്നതായിരുന്നു അടുത്ത ഷോട്ട്. ചടങ്ങു നിയന്ത്രിച്ചിരുന്ന വസി നുഅ്മാനിക്ക് ശല്യക്കാരനായ കശ്മീരിയെക്കൊണ്ടു പൊറുതിമുട്ടിയപോലെ തോന്നി. ഇനി സുല്‍ത്താന്‍പുരിയും ഫാറയുമുള്ള ബന്ധം? സോപൂരിലെ സമദ് ടാക്കീസില്‍ ആഴ്ചയിലൊരിക്കലെങ്കിലും അയാള്‍ സിനിമ കാണാന്‍ എത്തിയിരുന്നുവത്രേ. ഫാറയുടെ പിതാമഹന്റേതായിരുന്നു ടാക്കീസ്.
കേന്ദ്രസര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദുര്‍റഹ്മാന്റെ മുഷിപ്പന്‍ സ്തുതിഗീതം നീണ്ടുപോയപ്പോള്‍ ഒരു ചെറിയ പ്രശ്‌നമുണ്ടായി. അയാള്‍ക്കും ഫാറയുമായി ബന്ധമുണ്ടായിരുന്നു. ഫാറയുടെ വല്യപ്പന്‍ ഖ്വാജാ അബ്ദുസ്സമദ് പണ്ഡിറ്റിനെ ഒരു മുസാവരി ബംഗ്ലാവില്‍ വച്ചു റഹ്മാന്‍ കണ്ടിരുന്നു.
കശ്മീരിലെ ഭീകരപ്രവര്‍ത്തനവും നശീകരണങ്ങളും പ്രസംഗത്തില്‍ കടന്നുവന്നു. കശ്മീരില്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിയായിരുന്നപ്പോള്‍ അന്നത്തെ യു.എസ് പ്രതിനിധി റോബിന്‍ റഫേലിനെ ഇന്ത്യക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം എന്തോ റഹ്മാന്‍ പരാമര്‍ശിക്കാന്‍ മറന്നു. പകരം അയാള്‍ ചെങ്കിഷ്ഖാന്റെ ആക്രമണത്തെക്കുറിച്ചാണു സംസാരിച്ചത്. യൂറോപ്പിനെ ആക്രമിക്കാനായിരുന്നു ചെങ്കിഷ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാലദ്ദേഹം ഇറാനെയും മധ്യേഷ്യയെയുമാണ് ആക്രമിച്ചതെന്നുമുള്ള 'പരമരഹസ്യം' അയാള്‍ വെളിപ്പെടുത്തി. ക്രിസ്ത്യാനികള്‍ക്കു പകരം മുസ്‌ലിംകളെ ആക്രമിക്കാന്‍ മംഗോള്‍ പടത്തലവനെ ഉപദേശിച്ചത് മഹ്മൂദ് റഹ്മാനെപ്പോലുള്ള ഒരു സെക്രട്ടറിയായിരിക്കുമെന്നാണ് സദസ്സിലൊരാള്‍ അഭിപ്രായം പറഞ്ഞത്.
ചടങ്ങിനിടയ്ക്ക് ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റ് മൈക്ക് പിടിച്ചുവാങ്ങി ഹൃദ്രോഗവിദഗ്ധനായ ഒരു സര്‍ദാര്‍ജിയെ വേദിയിലേക്കു ക്ഷണിച്ചു. സ്വീകരണയോഗത്തിലെ പ്രസംഗങ്ങള്‍ കേട്ടു തകര്‍ന്ന ഹൃദയങ്ങളെ സാന്ത്വനിപ്പിക്കാനല്ല സര്‍ദാര്‍ജി വേദിയിലെത്തിയത്. ചൂടപ്പംപോലെ വിറ്റുപോവുന്ന(?) സ്വന്തം നോവലിന്റെ പ്രകാശനകര്‍മത്തിനായിരുന്നു അയാള്‍ വന്നത്. നോവലിലെ പ്രമേയം ഭീകരപ്രവര്‍ത്തനം. ഫാറയോടും ഉസ്‌റയോടും പുസ്തകക്കെട്ടു പൊട്ടിക്കാന്‍ സര്‍ദാര്‍ജി യാചിക്കുന്നതു കണ്ട് സദസ്സ് കുലുങ്ങിച്ചിരിച്ചു. അതിനിടയ്ക്കു ഖുറേശി മറ്റൊരു ഫലിതം കൂടി പറഞ്ഞു. നോവലിന്റെ ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞുവത്രേ. സര്‍ദാര്‍ജിക്കുമുണ്ടായിരുന്നു ഫാറയുമായി ബന്ധം. നോവലിലെ ഒരു കഥാപാത്രം സോപൂരില്‍ നിന്നുള്ള മുസ്‌ലിമാണ്. എന്തുകൊണ്ടാണ് സോപൂര്‍ പശ്ചാത്തലമായത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ അരിശംകൊണ്ടു. അറിയില്ലേ, അതാണു തീവ്രവാദത്തിന്റെ ഗര്‍ഭഗൃഹം. എവിടെയാണു നോവല്‍ ഇത്രയധികം വില്‍പ്പനയായത് എന്നു ചോദിച്ചതും സര്‍ദാര്‍ജിക്ക് പിടിച്ചില്ല. പിന്നെയാണു വിവരം പുറത്തുവന്നത്. ബത്ര ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായ സര്‍ദാര്‍ജി തലവേദനയ്ക്കും നട്ടെല്ലുവേദനയ്ക്കും ഹൃദയശസ്ത്രക്രിയ ശുപാര്‍ശ ചെയ്യുന്ന മിടുക്കനാണ്. അതിനയാള്‍ക്കു പത്മശ്രീ ലഭിച്ചിട്ടുണ്ടുതാനും; കശ്മീരില്‍ ഒട്ടേറെ കൊല നടത്തിയതിനു റൂമാ കാനയ്ക്ക് ലഭിച്ച അതേ അവാര്‍ഡ്.
മുസ്‌ലിം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴും ജാമിഅയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴും ഫാറ, പരസ്പരബഹുമാനത്തിന്റെയും താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിം സമൂഹങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നു പറയുന്നുണ്ടായിരുന്നു.
പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അതേപോലുള്ള മറുപടിയായിരുന്നു അവര്‍ നല്‍കിയത്. എന്നാല്‍, മുസ്‌ലിം സമൂഹത്തിലേക്ക് ഒരു പ്രത്യേക പ്രതിനിധിയെ അയക്കാന്‍ കാരണം, യു.എസിന്റെ ചില പിഴച്ച നയങ്ങളാണോ എന്ന ചോദ്യത്തിന് അവര്‍ക്കു മറുപടിയുണ്ടായില്ല.
ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ പ്രസംഗത്തിലും ലോക ജനസംഖ്യയുടെ നാലിലൊരുഭാഗം വരുന്ന മുസ്‌ലിംകളുമായി ബന്ധം സ്ഥാപിക്കുന്നതിനെപ്പറ്റിയാണവര്‍ സംസാരിച്ചത്: ''സപ്തംബറില്‍ ഉദ്യോഗമേറ്റെടുത്തശേഷം ഞാന്‍ മുസ്‌ലിം ലോകത്തു നെടുകെയും കുറുകെയും സഞ്ചരിച്ചു. യു.എസിന് ഇന്ത്യ വളരെ പ്രധാനമാണ്. കാരണം, ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുസ്‌ലിം സമൂഹം ഇന്ത്യയിലാണ്.''
ചടങ്ങില്‍ പലരും ഒബാമയുടെ മുസ്‌ലിം അനുകൂലമായ നയംമാറ്റത്തെ പുകഴ്ത്തിയാണു സംസാരിച്ചത്. എന്നാല്‍, ജാമിഅ ഹംദര്‍ദിന്റെ വൈസ് ചാന്‍സലര്‍ ഗുലാം നബി ഖാസി മാത്രം ഒബാമാ ഭരണത്തിന്റെ നയംമാറ്റത്തിനു തെളിവുകളൊന്നുമില്ലെന്നു പറഞ്ഞു. ഒരു ഡിപ്ലമാറ്റിക് പാസ്‌പോര്‍ട്ട് കൈയിലുണ്ടായിട്ടുപോലും യു.എസ് തനിക്കു വിസ നിഷേധിച്ചുവെന്നും ഖാസി പരാതിപ്പെട്ടു.
സോപൂരില്‍ നിന്നുള്ള ഫാറാ പണ്ഡിറ്റിനു കശ്മീരിനെപ്പറ്റി ഒന്നും പറയാനുണ്ടായിരുന്നില്ല. അവസാനം സുരക്ഷാവലയം ഭേദിച്ചു കശ്മീരില്‍ നിന്നുള്ള സുല്‍ത്താന്‍പുരി ഫാറയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ അവരൊന്നു പുഞ്ചിരിച്ചു. സുല്‍ത്താന്‍പുരിയുടെ കാമറകൊണെ്ടാരു കാര്യവുമുണ്ടായില്ല. അത്ര വേഗത്തിലാണ് ഒബാമയുടെ മുളിയലങ്കാരി സ്ഥലംവിട്ടത്.
http://thejasnews.com/index.jsp?tp=det&det=yes&news_id=201003103191402314
No comments:
Post a Comment