2010-02-25

ലിനാറെസ്‌ ചെസ്‌ കിരീടം ടോപ്പലോവിന്‌


ലിനാറെസ്‌: ചെസ്‌ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ലിനാറെസ്‌ ചെസ്‌ ടൂര്‍ണമെന്റില്‍ ബള്‍ഗേറിയയുടെ വാസ്‌ലിന്‍ ടോപ്പലോവിന്‌ കിരീടം. ഇസ്രായേലില്‍ നിന്നുള്ള ബോറിസ്‌ ഗെല്‍ഫാന്‍ഡിനെ അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ്‌ ലോകരണ്ടാം നമ്പര്‍ താരം ഗ്ലാമര്‍ കിരീടത്തില്‍ മുത്തമിട്ടത്‌.
സാധ്യമായ പത്തുപോയിന്റില്‍ 6.5ഉം സ്വന്തമാക്കിയാണ്‌ ടോപലോവ്‌ ആദ്യമായി ലിനാറസ്‌ ചാംപ്യനാവുന്നത്‌. 2005ല്‍ ചാംപ്യന്‍ പട്ടം തലനാരിഴയ്‌ക്കാണ്‌ ബള്‍ഗേറിയന്‍ താരത്തിന്‌ നഷ്ടമായത്‌. റഷ്യന്‍ സൂപ്പര്‍താരം ഗാരി കാസ്‌പറോവുമായി പോയിന്റ്‌ നിലയില്‍ ഒപ്പമെത്തിയെങ്കിലും മെച്ചപ്പെട്ട ശരാശരിയുടെ കണക്കില്‍ കൈവിട്ടുപോവുകയായിരുന്നു. ലോകചാംപ്യന്‍പട്ടത്തിനായുള്ള പോരാട്ടത്തില്‍ ലോകഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെതിരേ മല്‍സരിക്കുന്നതിന്‌ ഈ വിജയം ആത്മവിശ്വാസം നല്‍കുമെന്ന്‌ ടോപലോവ്‌ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം എപ്രില്‍ 21 മുതല്‍ മെയ്‌ 12 വരെ ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ്‌ ക്ലാസിക്‌ പോരാട്ടം.
പത്താമത്തെയും അവസാനത്തെയുമായ റൗണ്ടില്‍ നടന്ന മറ്റുമല്‍സരങ്ങളില്‍ ലെവോന്‍ അറോനിയന്‍ വുഗാര്‍ ഗാഷിമോവിനെ തോല്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സിസ്‌കോ വല്ലോജോയും അലക്‌സാണ്ടര്‍ ഗ്രിസ്‌ചുക്കും സമനിലയില്‍ പിരിഞ്ഞു.
ആദ്യറൗണ്ടില്‍ ഫ്രാന്‍സിസ്‌കോ വല്ലെജോയായിരുന്നു ടോപലോവിന്റെ എതിരാളി. ഇരുവരും സമനിലയില്‍ പിരിഞ്ഞു. രണ്ടാം റൗണ്ടില്‍ വുഗാര്‍ ഗാഷിമോവിനെതിരേ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ അദ്ദേഹം തിരിച്ചെത്തി. മൂന്നാം റൗണ്ടില്‍ ലെവോന്‍ അറോനിയനും നാലാം റൗണ്ടില്‍ ബോറിസ്‌ ഗെല്‍ഫാന്‍ഡും ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും അഞ്ചാം റൗണ്ടില്‍ ഗ്രിസ്‌ചുക്കിനെ നിലംപരിശാക്കി ടോപലോവ്‌ കരുത്തുകാട്ടി.
തൊട്ടടുത്ത റൗണ്ടില്‍ വല്ലെജോയെ നിഷ്‌പ്രയാസം കീഴക്കിയ ബള്‍ഗേറിയന്‍ താരത്തിന്‌ ഏഴാം റൗണ്ടില്‍ യുഗാര്‍ ഗാഷിമോവുമായി കൈകൊടുത്തുപിരിയേണ്ടി വന്നു. എട്ടാം റൗണ്ടില്‍ വീണ്ടും അറോനിയന്‍ സമനില സ്വന്തമാക്കിയപ്പോള്‍ ഒമ്പതാം റൗണ്ടില്‍ ഗ്രിസ്‌ചുക്‌ വീണ്ടും ടോപലോവിനു മുന്നില്‍ വീണു. 

No comments: