മിലാന്‍: ചാണക്യതന്ത്രങ്ങളുമായി കളത്തിനു പുറത്ത് നിറഞ്ഞുകളിച്ച മുന്‍ കോച്ച് ജോസ് മൊറിഞ്ഞോയ്‌ക്കു മുന്നില്‍ ഇംഗ്ലീഷ് ഗ്ലാമര്‍ ടീമായ ചെല്‍സി മുട്ടുമടക്കി. ചാംപ്യന്‍സ് ലീഗിലെ പ്രി ക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ഇറ്റാലിയന്‍ ടീമായ ഇന്റര്‍മിലാനാണ് കാര്‍ലോ അന്‍സെലോട്ടിയുടെ ശിഷ്യന്മാരെ നാണം കെടുത്തിയത്. കഴിഞ്ഞ ആഴ്‌ചയിലെ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-2ന് എ സി മിലാനെ തോല്‍പ്പിച്ചിരുന്നതിനാല്‍ ഇറ്റാലിയന്‍ ആരാധകരുടെ ആവേശത്തിന്റെ ആര്‍പ്പുവിളികള്‍ക്ക് മുകളിലൂടെയാണ് ഇന്റര്‍മിലാന്‍ താരങ്ങള്‍ പന്തുരുട്ടി തുടങ്ങിയത്. ഇറ്റലിയിലെ നമ്പര്‍ വണ്‍ ടീമായ ഇന്ററും ഇംഗ്ലണ്ടിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയും കൊമ്പുകോര്‍ക്കുന്നുവെന്നതും ആവേശത്തിന് കൂടുതല്‍ പകിട്ടേറ്റി.
കരുത്തരായ ആഷ്‌ലി കോളിന്റെയും യുറി ഷിര്‍ക്കോവിന്റെയും അഭാവത്തില്‍ പ്രതിരോധകോട്ടയുടെ ഇടതുഭാഗം കാക്കാന്‍ അന്‍സലോട്ടി ഫ്‌ളോറന്റ് മലൂദയെയാണ് തിരഞ്ഞെടുത്തത്. ഇന്ററാവട്ടെ മുന്നേറ്റ നിരയില്‍ ഗൊരാന്‍ പാന്‍ഡെവിനു പകരം സാമുവല്‍ എറ്റുവിനെയാണ് ഡീഗോ മിലിറ്റോയുടെ തുണയായി രംഗത്തിറക്കിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ചെല്‍സിപോസ്‌റ്റില്‍ ഗോള്‍ മണത്തുതുടങ്ങിയിരുന്നു. പരമ്പരാഗ കറുപ്പും നീലയും കളറില്‍ മൈതാനത്തിലിറങ്ങിയ അസൂരികള്‍ തിയാഗോയുടെയും വെസ്‌ലി സ്‌നെഡ്‌ജറുടെയും കൗശലം നിറഞ്ഞ ഒരു നീക്കത്തിലൂടെ ആദ്യ ഗോള്‍ നേടി. മുന്നേറ്റനിരയിലുള്ള മിലിറ്റോയ്‌ക്ക് പന്ത് മറിഞ്ഞുനല്‍കിയ മിഡ്‌ഫീല്‍ഡര്‍മാക്ക് തെറ്റിയില്ല. പരിചയ സമ്പന്നനായ ജോണ്‍ ടെറിയെ കബളിപ്പിച്ചുകൊണ്ട് ഗോള്‍ പീറ്റര്‍ ചെക്കിനെ നിഷ്‌പ്രഭനാക്കി മിലിറ്റോയുടെ കിക്ക് വലകുലുക്കി.
ഇതോടെ ചെല്‍സി കുറച്ചുനേരത്തേക്കെങ്കിലും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. എന്നാല്‍ 11ാം മിനിറ്റില്‍ കലൗവും ജൂലിയോ സെസാറും നടത്തിയ ഒന്നാന്തരമൊരു നീക്കത്തിനൊടുവില്‍ 25 അടി അകലെ നിന്ന് സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്‌ബെ പോസ്‌റ്റിലേക്ക് പായിച്ച തകര്‍പ്പന്‍ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ലക്ഷ്യത്തിലെത്താതെ പോയത്. തുടര്‍ന്ന് സെസാറും ദ്രോഗ്‌ബെയും നിരന്തരം നടത്തിയ ആക്രമണങ്ങള്‍ മൊറിഞ്ഞോയുടെ കുട്ടികളെ വെള്ളംകുടിപ്പിച്ചു. തകര്‍പ്പന്‍ ഫോമിലായിരുന്ന ഐവറിതാരം ദ്രോഗ്‌ബെയുടെ പല ഷോട്ടുകളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.
33ാം സ്‌കോര്‍ 2-0ലേക്ക് ഉയരേണ്ടതായിരുന്നു. സ്‌നെഡ്‌ജര്‍ ബോക്‌സിന് ആറടി കണക്കാക്കി ഉയര്‍ത്തി നല്‍കിയ പന്തിന് തലകൊടുക്കാന്‍ എറ്റുവിന് കഴിയാതെ പോയത് അശ്രദ്ധ കൊണ്ടുമാത്രമാണ്. തൊട്ടുപിറകെ മെയ്‌ക്കോണും മിലിട്ടോയും വണ്‍-ടു നീക്കവുമായി പോസ്‌റ്റിനടുത്തുവരെയെത്തിയെങ്കിലും അവസാന പാസ്സിന്റെ വേഗത വര്‍ധിച്ചത് തിരിച്ചടിയായി.
ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ പന്തുമായി മുന്നേറിയ കലൗവിനെ വാള്‍ട്ടര്‍ സാമുവല്‍ തടഞ്ഞുവീഴ്‌ത്തിയെങ്കിലും പെനല്‍റ്റി അനുവദിക്കാന്‍ റഫറി തയ്യാറായില്ല.
അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ മടക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ചെല്‍സി താരങ്ങള്‍ രണ്ടാം പകുതിയില്‍ പന്തുരുട്ടി തുടങ്ങിയത്. ജൂലിയെ സെസാര്‍ തുടര്‍ച്ചയായി വരുത്തുന്ന പിഴവുകളും ഇംഗ്ലീഷ് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഒടുവില്‍ 51ാം മിനിറ്റില്‍ ചെല്‍സി ലക്ഷ്യം കണ്ടു. കലൗ പോസ്‌റ്റിലേക്ക് പായിച്ച മഴവില്‍കിക്ക് ഗോളി സെസാറിന്റെ കൈയില്‍ തട്ടികൊണ്ടുതന്നെയാണ് പോസ്‌റ്റിലെത്തിയത്.
എന്നാല്‍ ഇതിനുള്ള ഇന്ററിന്റെ മറുപടി പെട്ടെന്നായിരുന്നു. നാലുമിനിറ്റിനുള്ളില്‍ എസ്‌തബാന്‍ കംബിയാസോ 25 അടി അകലെ നിന്നും കരുത്തനായ പീറ്റര്‍ ചെക്കിനെ കാഴ്‌ചക്കാരനാക്കി പോസ്‌റ്റിന്റെ താഴത്തെ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി. ശക്തമായ ഒരു ഷോട്ടിന്റെ റിഫ്‌ളക്ഷനില്‍ നിന്നായിരുന്നു ഗോള്‍. പരിചയസമ്പന്നനായ പീറ്റര്‍ ചെക്കിന്റെ പിഴവിന്റെ കാരണം ഉടന്‍ വ്യക്തമായി. കാലിലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ചെക്ക് കളം വിട്ടു. സമനില ഗോളിനായി പ്രീമിയര്‍ ടീം പൊരുതി നോക്കിയെങ്കിലും മൊറിഞ്ഞോയുടെ സമയോചിതമായ ഇടപെടലുകള്‍ക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടക്കുന്ന രണ്ടാം പാദമല്‍സരത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പായി.
മറ്റൊരു മല്‍സരത്തില്‍ സി.എസ്.കെ.എ മോസ്‌കോ, എഫ്.സി സെവിയ്യയെ 1-1ന് സമനിലയില്‍ തളച്ചു. അടുത്ത മാസം ഒമ്പതിനും പത്തിനും നടക്കുന്ന മല്‍സരങ്ങളില്‍ ഫിയോറെന്റീന, ബയേണ്‍ മ്യൂണിക്കുമായും ആഴ്‌സനല്‍, എഫ്.സിപോര്‍ട്ടോയുമായും റയല്‍ മാഡ്രിഡ് ലിയോണുമായും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് എസി മിലാനുമായും ഏറ്റുമുട്ടും. ചെല്‍സി- ഇന്റര്‍ രണ്ടാം പാദ മല്‍സരം മാര്‍ച്ച് 16നാണ്.
No comments:
Post a Comment