2009-04-29

വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ ഡല്‍ഹിയില്‍ ഡിസ്‌കൗണ്ട്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ക്കായി ഡല്‍ഹിയിലെ വ്യാപാരിസംഘടന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കിഴിവ്‌ ഏര്‍പ്പെടുത്തി. ജനങ്ങളെ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണു സംഘടന ഇതുവഴി ലക്ഷ്യംവയ്‌ക്കുന്നത്‌.
മെയ്‌ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വോട്ട്‌ ചെയ്യിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖാന്‍ മാര്‍ക്കറ്റ്‌ വ്യാപാരിസംഘടനയാണ്‌ ഈ (കെ.എം.ടി.എ) ആശയവുമായി മുന്നിട്ടിറങ്ങിയത്‌. മെയ്‌ എട്ട്‌, ഒമ്പത്‌ തിയ്യതികളില്‍ കടകളിലെത്തുന്ന വിരലില്‍ വോട്ട്‌ ചെയ്‌ത മഷിയടയാളമുള്ള ഉപഭോക്താക്കള്‍ക്ക്‌ വിലക്കിഴിവ്‌ ലഭിക്കും. ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കടയുടമകള്‍ക്ക്‌ സംഘടന അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഖാന്‍ മാര്‍ക്കറ്റിലുള്ള 156 കടകളില്‍ നാലെണ്ണം ഇതിനകം വിലക്കിഴിവ്‌ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഉപഭോക്താക്കള്‍ എത്താറുള്ള ഖാന്‍ മാര്‍ക്കറ്റില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെയാണ്‌ ഇളവേര്‍പ്പെടുത്തിയിട്ടുള്ളത്‌- കെ.എം.ടി.എ അധ്യക്ഷന്‍ സഞ്‌ജീവ്‌ മെഹ്‌റ പറഞ്ഞു.

No comments: