Link to this post:
http://www.google.com/buzz/109801568832727610298/ZCwSuq3wKZr/4-photos
10 Feb raoof melath: 4 photos
ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക് പ്രവേശിക്കുന്നു. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി നേരിട്ട് മത്സരിക്കാന്‍ പാകത്തില്‍ ജിമെയിലിനെ മാറ്റുകയാണ് ഗൂഗിള്‍.'ഗൂഗിള്‍ ബെസ്' (Google Buzz) എന്ന സര്‍വീസ് ജിമെയിലുമായി നേരിട്ട് സമ്മേളിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിക്കുന്നത്. ജിമെയില്‍ വഴി ടെക്സ്റ്റും വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം അവസരമൊരുക്കുന്നു.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ നേടുന്ന ജനപ്രീതിയും സ്വീകാര്യതയും കണ്ടില്ലെന്ന് നടിക്കാന്‍ ഗൂഗിളിനും കഴിയുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ നീക്കം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ 'ഓര്‍ക്കുട്ട്' ഗൂഗിളിന്റേതാണെങ്കിലും, ആഗോളതലത്തില്‍ അതിന് ഫെയ്‌സ് ബുക്കിന്റെ എതിരാളിയാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് ഓര്‍ക്കുട്ടിന് കാര്യമായ ജനപ്രീതിയുള്ളത്.
ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ സൈറ്റാണ് ഇപ്പോള്‍ ഫെയ്‌സ് ബുക്ക്. ദിവസവും 40 കോടിപ്പേര്‍ ആ സൈറ്റിലെത്തുന്നു. ഈ ജനപ്രീതിയാണ് ജിമെയിലിനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കാക്കുന്നതിലെ മുഖ്യ പ്രലോഭനം എന്നുറപ്പ്. മാര്‍ക്കറ്റ് ഗവേഷണ കമ്പനിയായ 'കോംസ്‌കോറി'ന്റെ കണക്ക് പ്രകാരം 17.6 കോടി യൂസര്‍മാര്‍ ഇപ്പോള്‍ ജിമെയിലിനുണ്ട്. അത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടിയായി മാറ്റുന്നതോടെ, ഫെയ്‌സ് ബുക്കിന് ശരിക്കുള്ള ഒരു എതിരാളിയുണ്ടാകും എന്നുറപ്പ്.
താത്പര്യജനകമായ ഒട്ടേറെ പ്രത്യേകതകള്‍ ബെസ് വഴി ജിമെയിലിന് ലഭിക്കും, പ്രത്യേകിച്ചും മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തിന്. സ്വകാര്യമായതോ പൊതുവായതോ ആയ അപ്‌ഡേറ്റുകള്‍ (ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചെയ്യുന്നതുപോലെ) ജിമെയിലില്‍ പോസ്റ്റു ചെയ്യാം. അത്തരം അപ്‌ഡേറ്റുകളാണ് 'ബെസ്'(Buzz) എന്നറിയപ്പെടുക. ഒപ്പം ട്വിറ്റര്‍, യൂടൂബ്, ഫ് ളിക്കര്‍, പിക്കാസ തുടങ്ങിയ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഉള്ളടക്കവും ജിമെയില്‍ വഴി പങ്കുവെയ്ക്കാനും സാധിക്കും. ഗൂഗിളിന്റെ എതിരാളിയായ യാഹൂ, അവരുടെ മെയിലില്‍ ഇത്തരം ചില പ്രത്യേകതകള്‍ ഇതിനകം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലേക്കുള്ള ഗൂഗിളിന്റെ വലിയൊരു കടന്നുകയറ്റമെന്ന് പുതിയ നീക്കത്തെ വിശേഷിപ്പിക്കാം. എന്നാല്‍, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ അതുപേക്ഷിച്ച് ഗൂഗിളിന്റെ സര്‍വീസ് സ്വീകരിക്കുമോ എന്നിടത്താണ് പ്രശ്‌നം. അതേസയമം, ജിമെയിലിനെ ഇത്തരത്തില്‍ മാറ്റുന്നതുകൊണ്ട് മെച്ചവുമുണ്ട്. ഒരു ഗൂഗിള്‍ യൂസര്‍ക്ക് അയാളുടെ കോണ്ടാക്ടിലുള്ള ആളുകളുമായി തന്നെ വിവരങ്ങള്‍ കൈമാറാം, മറ്റ് സൈറ്റുകളിലേതുപോലെ പുതിയതായി സുഹൃത്തുക്കളെ കണ്ടെത്തേണ്ട പ്രശ്‌നമില്ല.
വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ സവിശേഷകള്‍ ബെസില്‍ ദര്‍ശിക്കാനാകും. ഉദാഹരണത്തിന്, അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാനായി മറ്റുള്ളവരെ 'ഫോളോ' ചെയ്യാനുള്ള ട്വിറ്ററിലെ സവിശേഷത, ഫെയ്‌സ് ബുക്കിലുള്ള 'ഇത് ഞാന്‍ ഇഷ്ടപ്പെടുന്നു' എന്നകാര്യം രേഖപ്പെടുത്താനുള്ള അവസരം ഒക്കെ ജിമെയിലില്‍ ലഭ്യമാകും. 'ജിമെയിലില്‍ തികച്ചും വ്യത്യസ്തമായ പുതിയൊരു ലോകമാകും' ഉടലെടുക്കുകയെന്ന്, ഗൂഗിള്‍ ബെസ് പ്രോഡക്ട് മാനേജര്‍ ടോഡ് ജാക്‌സണ്‍ പറയുന്നു.
ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് പാകമായ രൂപത്തിലും ബെസ് ലഭ്യമാക്കിയിട്ടുണ്ട്. ഫോണില്‍ നിന്ന് നേരിട്ട് അപ്‌ഡേറ്റുകള്‍ അയയ്ക്കാം. മാത്രമല്ല, അപ്‌ഡേറ്റുകള്‍ അയയ്ക്കുന്ന വ്യക്തി എവിടെയാണെന്നുള്ള വിവരം മനസിലാക്കാന്‍ പാകത്തില്‍ ഗൂഗിള്‍ മാപ്‌സുമായും ബുസിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകള്‍, റസ്‌റ്റോറണ്ടുകള്‍ തുടങ്ങിയവയുടെ റിവ്യൂ നല്‍കുന്ന ബിസിനസ് ഡയറക്ടറിയായ 'ഗൂഗിള്‍ പ്ലെയ്‌സസി' (Google Places)ലും ബെസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് പയറ്റാന്‍ ഗൂഗിള്‍ എത്തുന്നത് ആദ്യമായല്ല. മുമ്പ് സൂചിപ്പിച്ച ഓര്‍ക്കുട്ട് ഉദാഹരണം. 2004-ല്‍ ആരംഭിച്ച ഓര്‍ക്കുട്ടിന് പക്ഷേ, ഫെയ്‌സ്ബുക്കിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് മുന്നില്‍ പകച്ചു നില്‍ക്കാനേ സാധിച്ചുള്ളു. അടുത്തയിടെ ഗൂഗിള്‍ പുറത്തിറക്കിയ (ഇപ്പോള്‍ ക്ഷണം വഴി മാത്രം ലഭ്യമായ) 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വഭാവമുള്ളതാണ്. തത്സമയ സന്ദേശങ്ങള്‍ വഴി ഒരേ സമയം ഒട്ടേറെപ്പേര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഗൂഗിള്‍ വേവ്.
വിവിധ തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ജി-മെയിലില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള പ്രാഗത്ഭ്യം തീര്‍ച്ചയായും ബെസിന് ഗുണംചെയ്യും. ഓഡിയോ സന്ദേശങ്ങളും ഓഡിയോ ചാറ്റും വീഡിയോ ചാറ്റും വരെ ജിമെയിലില്‍ മുമ്പുതന്നെ സാധ്യമാണ്. ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് ജി-മെയിലിന്റെ പിന്നിലേ വരൂ. ഇക്കാര്യം മുന്നില്‍ കണ്ട് മെസ്സേജ് ബിസിനസിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഫെയ്‌സ് ബുക്ക് ശ്രമിക്കുന്ന സമയത്താണ്, ഗൂഗിളിന്റെ പുതിയ സര്‍വീസ് രംഗത്തെത്തുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തത്സമയ ചാറ്റുകളുടെ ഗുണനിലവാരമുയര്‍ത്താന്‍ സഹായിക്കുന്ന 'ജാബ്ബര്‍' (Jabber) സങ്കേതം ഫെയ്‌സ് ബുക്കില്‍ താമസിയാതെ ഉള്‍പ്പെടുത്താന്‍ പോവുകയാണ്. (അവലംബം: ഗൂഗിള്‍ ബ്ലോഗ്)
No comments:
Post a Comment